Connect with us

Gulf

വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതില്‍ യു എ ഇ ക്ക് ഇന്ത്യയെ സഹായിക്കാനാകും: മന്ത്രി

Published

|

Last Updated

അബൂദബി: ഹൈഡ്രോകാര്‍ബണ്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന് വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യ മാറുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ യു എ ഇ ക്ക് കഴിയുമെന്ന് ഇന്ത്യന്‍ പെട്രോളിയം, പ്രകൃതിവാതകം, സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയും യു എ ഇ യും തമ്മില്‍ മികച്ച ബന്ധമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാതകവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വികസനം നടപ്പിലാക്കാനുള്ള ആഗ്രഹം ഇന്ത്യക്കുണ്ട്. അദ്ദേഹം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ പ്രധാന്‍ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയായ വാമിനോട് സംസാരിക്കുകയായിരുന്നു.

ആഗോള തലത്തില്‍ ഊര്‍ജ മിശ്രിതത്തില്‍ വാതകത്തിന്റെ വിഹിതം ശരാശരി 24 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഊര്‍ജ്ജ മിശ്രിതത്തില്‍ ഇപ്പോഴത്തെ വാതകത്തിന്റെ വിഹിതം 6.2 ശതമാനമാണ്. 2030 ഓടെ ഇത് 15 ശതമാനമായി ഉയര്‍ത്താനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യു എ ഇ ആദ്യമായി അബൂദബിയിലെ ലോവര്‍ സകം ഓഫ്ഷോര്‍ ഫീല്‍ഡിലെ ഒരു ഇന്ത്യന്‍ കമ്പനിക്ക് 2018 ല്‍ ഓഹരി നല്‍കി . ഇത് ഇന്ത്യന്‍ ഹൈഡ്രോകാര്‍ബണ്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമാണ്. ഇന്ത്യ യു എ ഇയില്‍ സമാനമായ പുതിയ അവസരങ്ങള്‍ ആരായുന്നു. മന്ത്രി പറഞ്ഞു.

യു എ ഇയുടെ പങ്കാളിത്തത്തോടെ പശ്ചിമ ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 4400 കോടി യു എസ് ഡോളറില്‍ നിര്‍മിക്കുന്ന രത്നഗിരി റിഫൈനറി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുകയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest