പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ല: ഇ ശ്രീധരന്‍

Posted on: September 16, 2019 3:40 pm | Last updated: September 16, 2019 at 9:55 pm

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും ചെയ്യുമെന്ന് ഇ ശ്രീധരന്‍. പാലം മുഴുവനായി പൊളിക്കേണ്ടി വരില്ല. പാലത്തിന്റെ ഫൗണ്ടേഷന്‍ നിലനിര്‍ത്തി പിയറുകളും, പിയര്‍ ക്യാമ്പുകളും ശക്തിപ്പെടുത്തും. ഒരു മാസത്തിനകം ജോലികള്‍ തുടങ്ങുമെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലം പൊളിക്കലും, പുനര്‍ നിര്‍മാണവും സമാന്തരമായി നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കും. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ വീണ്ടും പാലം പൊളിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.