ഭക്തിയുടെ നിറവില്‍ കഅബ കഴുകല്‍ ചടങ്ങ്

Posted on: September 16, 2019 3:24 pm | Last updated: September 16, 2019 at 8:30 pm

ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് ഫൈസല്‍ മേല്‍നോട്ടം വഹിച്ച ചടങ്ങില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍, ഇരുഹറം കാര്യാലയ മേധാവി ഡോ: അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, പണ്ഡിതന്മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ വിശുദ്ധ കഅ്ബാലയത്തിലത്തെിയ മക്ക അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ്, ഹറം കാര്യാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഗവര്‍ണ്ണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ചേര്‍ന്ന് കഅ്ബയുടെ വാതില്‍ തുറന്നു .

ശുദ്ധമായ പനിനീര്‍ ദ്രാവകം ചേര്‍ത്ത സംസം വെള്ളം പ്രത്യേക പട്ടുതുണിയില്‍ മുക്കി കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ തുടച്ചു വൃത്തിയാക്കുകയും നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധ കഅ്ബയെ ത്വവാഫ് ചെയ്ത് നിസ്‌കാരം നിര്‍വഹിച്ചതോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി

വ്യവസായ പ്രമുഖന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, പാണക്കാട് സയ്യിദ്‌സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.