Connect with us

Kerala

ഒരു രാജ്യം ഒരു ഭാഷ: നയം ഏകാധിപത്യപരമെന്ന് എം ടി

Published

|

Last Updated

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വാദത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. ഒരു രാജ്യം, ഒരു ഭാഷ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം ടി പറഞ്ഞു. ഒരു മലയാളം പത്രത്തിലെ കോളത്തിലാണ് എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം.

എല്ലാ ഭാഷകളും നിലനില്‍ക്കണം. ഒരു ഭാഷ മാത്രം മതി, ഒരു ദേശം മാത്രം മതി, ഒരു ഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങള്‍ എതിര്‍ക്കപ്പെടണം. ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാല്‍, ഇന്ത്യയില്‍ ഹിന്ദിക്കു പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകള്‍ സജീവമായുണ്ട്. ഓരോ ഭാഷയിലും മികച്ച എഴുത്തുകാരുണ്ട്. പ്രേംചന്ദിനെപ്പോലുള്ളവര്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതവും സംസ്‌കാരവുമാണ് തന്റെ കൃതികളില്‍ പകര്‍ത്തിയത്. കേരളത്തിലെ ഗ്രാമീണത, പരിസ്ഥിതി, ആചാരം, സാമൂഹിക ഘടന എന്നിവയാണ് നമ്മുടെ എഴുത്തില്‍ കടന്നുവരിക. തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്ന് ഭാഷാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുണ്ട്. ഓരോ സംസ്ഥാനത്തും അവിടുത്തെ പ്രാദേശിക ഭാഷയാണ് ഭരണഭാഷ. അതുകൊണ്ടാണ് മലയാളത്തില്‍ ചോദ്യങ്ങളൊരുക്കാന്‍ പി എസ് സിക്ക് ബാധ്യതയുണ്ടെന്ന് പറയുന്നതെന്നും എം ടി പറഞ്ഞു.

ഐക്യമുണ്ടാക്കാന്‍ “ഹിന്ദി” കൊണ്ടേ കഴിയൂ എന്ന വാദത്തിന്റെ നിരര്‍ഥകത നാം തിരിച്ചറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് എം ടിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Latest