ഭാഷാ രാഷ്ട്രീയം വേണ്ട

Posted on: September 16, 2019 2:36 pm | Last updated: September 16, 2019 at 2:36 pm


‘ഒരു രാജ്യം, ഒരു ഭാഷ’ വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരിക്കുന്നു. ഹിന്ദി ദിന പരിപാടിയിലെ പ്രസംഗത്തിലും അതിനോടനുബന്ധിച്ച് നടത്തിയ ട്വീറ്റിലുമാണ് ഇത്തരത്തിലുള്ള ആഹ്വാനമുള്ളത്. ഹിന്ദി പ്രചാരണത്തിന്റെ മധുരം പുരട്ടി മറ്റൊരു വിവാദ അജന്‍ഡ കൂടി പുറത്തെടുത്തിടുകയാണ് ഷാ ചെയ്തിരിക്കുന്നത്. അതിന് മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയുമൊക്കെ അദ്ദേഹം കൂട്ടിപിടിക്കുകയും ചെയ്യുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയും അത് ഒന്നാം മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ നയം കൊണ്ടുണ്ടായ മനുഷ്യനിര്‍മിത പ്രതിസന്ധിയാണെന്ന് ജനം തിരിച്ചറിയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിഷയം വലിച്ചിടുന്നത്. യോജിച്ച പ്രതിരോധത്തെ ശിഥിലമാക്കുകയും ശ്രദ്ധ വഴിതിരിച്ചു വിടുകയും ചെയ്യുകയെന്ന ദൗത്യം കൂടി ഈ ആഹ്വാനം നിര്‍വഹിക്കുന്നുണ്ട്.

അമിത് ഷായുടെ ട്വീറ്റ് ഇങ്ങനെ വായിക്കാം. “വിവിധ ഭാഷകളുടെ രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അതേസമയം, മൊത്തം രാജ്യത്തിന് ഒരു ഭാഷയുണ്ടാകേണ്ടത് അനിവാര്യമാണ്. ലോകത്ത് അതിലായിരിക്കണം ഇന്ത്യ തിരിച്ചറിയപ്പെടേണ്ടത്.’ പ്രസംഗത്തില്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി വിശദീകരിച്ചു: ‘ഇന്ത്യയെ ഒരുമിപ്പിക്കാന്‍ ഹിന്ദിക്ക് സാധിക്കും. ഒരു ഭാഷ, ഒരു രാജ്യമെന്ന മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം യാഥാര്‍ഥ്യമാക്കണം. ഇന്ന് ഇംഗ്ലീഷിന്റെ സ്വാധീനം ഏറെ വലുതാണ്. ഇംഗ്ലീഷിന്റെ സഹായമില്ലാതെ ഹിന്ദി പോലും സംസാരിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെല്ലാം ഹിന്ദി കൊണ്ടുവരണം. നിലവില്‍ ഈ യുദ്ധം പാതിയേ ജയിച്ചിട്ടുള്ളൂ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദിയില്‍ വായിക്കാനും എഴുതാനും കേന്ദ്ര സര്‍ക്കാര്‍ പഠിപ്പിക്കും.’

അമിത് ഷായുടെ ഹിന്ദി മേല്‍ക്കോയ്മാ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. രൂക്ഷമായ പ്രതികരണങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുണ്ടായത്. തമിഴ്‌നാട്ടില്‍ ഡി എം കെ, എ ഐ എ ഡി എം കെ, പി എം കെ, എം ഡി എം കെ തുടങ്ങി പ്രധാന കക്ഷികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഷായുടെ നിലപാട് സംഭ്രമജനകമാണെന്നും ഇത് രാഷ്ട്ര അഖണ്ഡതയെ ബാധിക്കുന്നതാണെന്നും അതിനാല്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇന്ന് ചേരുന്ന നേതൃ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കാനിരിക്കുകയാണ്. കര്‍ണാടകയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ആന്ധ്രയിലും തെലങ്കാനയിലും വന്‍ പ്രതിഷേധം അരങ്ങേറി. ബി ജെ പി നേതാക്കള്‍ എരിതീയില്‍ എണ്ണയൊഴിച്ചാല്‍ വരും ദിനങ്ങളില്‍ പ്രതിഷേധം കനക്കുമെന്നുറപ്പാണ്.

ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപമെടുത്ത ദേശരാഷ്ട്രങ്ങള്‍ നിരവധിയുണ്ട്. ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനുമെല്ലാം ഉദാഹരണം. ഒരു ദേശമെന്ന നിലയില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ഭാഷക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ഘട്ടത്തില്‍ ഹിന്ദുസ്ഥാനി പ്രചാരണത്തിലൂടെ ഗാന്ധിജി പ്രായോഗികമായ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രാദേശിക ഭാഷാ വഴക്കങ്ങളില്‍ എഴുതപ്പെട്ട കവിതകളും മുദ്രാവാക്യങ്ങളും തന്നെയായിരുന്നു സമരത്തിന്റെ ചാലക ശക്തി. ഇന്ത്യന്‍ ദേശീയതയെ നിര്‍ണയിച്ച ഒരു ഏക വികാരമുണ്ടെങ്കില്‍ അത് അധിനിവേശ വിരുദ്ധത മാത്രമാണ്. ഈ വികാരത്തെ ജ്വലിപ്പിക്കുന്നതിനുള്ള ഉപാധിയായി ഗാന്ധിജി മുന്നോട്ടു വെച്ച ഒന്നിനെ പുതിയ സാഹചര്യത്തില്‍, പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത് ആരാണ്? അദ്ദേഹത്തിന്റെ ദേശീയതാ കാഴ്ചപ്പാടിനെ തള്ളിക്കളഞ്ഞ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവായ അമിത് ഷാ. അത് കൊണ്ട് തന്നെ അത് നിഷ്‌കപടമല്ല. ഒരു രാജ്യം, ഒരു നിയമം, ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ ഏകശിലാത്മക അജന്‍ഡയുടെ തുടര്‍ച്ചയായേ അതിനെ കാണാനാകൂ.

1963ല്‍ ഹിന്ദിയെ ദേശീയ ഭാഷയാക്കി ബില്ല് കൊണ്ടുവന്നുവെങ്കിലും 1967ല്‍ അത് ഭേദഗതി ചെയ്യേണ്ടി വന്നത് രാജ്യത്ത് ഒരു വിധത്തിലും നടപ്പാക്കാനാകാത്ത ആശയമായതിനാലാണ്്. ഭരണഘടനയുടെ ഏത് കോണില്‍ നിന്ന് നോക്കിയാലും കാണാവുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്ന മൂല്യമാണ്. മതപരവും ഭാഷാപരവും സാംസ്‌കാരികവുമായ എല്ലാ തരം വൈജാത്യങ്ങളെയും ഉള്‍ക്കൊള്ളുകയെന്നതാണ് ഭരണഘടനയുടെ കാതല്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടത് അങ്ങനെയാണ്. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ആണിക്കല്ലും വൈവിധ്യങ്ങളെ വകവെച്ച് കൊടുക്കുന്നതിലാണ് കുടി കൊള്ളുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമ്പോഴും മുസ്‌ലിംകളുടെ വ്യക്തി നിയമങ്ങളില്‍ കൈവെക്കുമ്പോഴും ഈ ആണിക്കല്ലാണ് ഇളകുന്നത്.

ഏതൊരു സംസ്‌കാരത്തിന്റെയും ഏറ്റവും മൂര്‍ത്തമായ ആവിഷ്‌കാരമാണ് ഭാഷ. ഒരു സംസ്‌കൃതിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കണമെങ്കില്‍ ആദ്യം ചെയ്യുക അത് പ്രതിനിധാനം ചെയ്യുന്ന ഭാഷയെ അധമമാക്കുകയെന്നതാണ്. രാഖിനെ പ്രവിശ്യയിലെ മുസ്‌ലിം വിഭാഗമായ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ബൗദ്ധ ഭൂരിപക്ഷ ഭരണകൂടം അതാണല്ലോ ചെയ്തത്. ശ്രീലങ്കയിലെ തമിഴ് സ്വത്വ പ്രശ്‌നത്തിന്റെയും കാതല്‍ സിംഹള ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ്. ബംഗ്ലാദേശിന്റെ രൂപവത്കരണത്തിലേക്കും രൂക്ഷമായ യുദ്ധത്തിലേക്കും നയിച്ചതും ഭാഷാപരമായ പ്രതിസന്ധിയായിരുന്നു. ഇന്ന് അസാമില്‍ കത്തി നില്‍ക്കുന്ന പൗരത്വ പ്രശ്‌നവും ഭാഷയില്‍ വേരാഴ്ത്തി നില്‍ക്കുന്നു. അതുകൊണ്ട് ഭാഷയുടെ പേരില്‍ രാജ്യം പല ഘട്ടങ്ങളില്‍ സാക്ഷ്യം വഹിച്ച അക്രമാസക്ത പ്രക്ഷോഭത്തിന് തിരി കൊളുത്താന്‍ മാത്രമേ കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം ഉപകരിക്കുകയുള്ളൂ. രാജ്യത്തിന്റെ അഖണ്ഡതക്കെന്ന പേരില്‍ കൊണ്ടുവരുന്ന പദ്ധതി രാജ്യത്തെ ശിഥിലമാക്കുന്നതിലായിരിക്കും കലാശിക്കുക.

സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുമെന്ന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എഴുതച്ചേര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു ചുവട് മുന്നോട്ട് വെച്ചിരുന്നു. പക്ഷേ, കടുത്ത പ്രതിഷേധത്തിന് മുന്നില്‍ അത് പിന്‍വലിക്കേണ്ടി വന്നു. ഒരു വട്ടം കൂടി എടുത്തിട്ടു നോക്കുകയാണ് സര്‍ക്കാര്‍. ഹിന്ദി പഠിക്കേണ്ടെന്ന് ആരും പറയില്ല. പക്ഷേ അടിച്ചേല്‍പ്പിക്കരുത്. മറ്റു ഭാഷകളുടെ വ്യക്തിത്വം ഹനിക്കരുത്. ഭാഷ കൊണ്ട് രാഷ്ട്രീയം കളിക്കരുത്. ഹിന്ദി പഠിക്കണമെന്ന പ്രായോഗിക താത്പര്യമാണ് ലക്ഷ്യമെങ്കില്‍ ഇവിടെ ത്രിഭാഷാ പദ്ധതി നിലവിലുണ്ട്.