വരും കാലം ആണവ നിലയങ്ങളുടേതോ?

2017-18ല്‍ ഇന്ത്യയുടെ ആളോഹരി വാര്‍ഷിക വൈദ്യുതി ഉപഭോഗം 1,122 കിലോവാട്ട്/മണിക്കൂര്‍ ആണ്. ചൈനയുടേത് 4,475ഉം അമേരിക്കയുടേത് 12,071ഉം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടേത് 5,908ഉം ആണ്. വൈദ്യുതിയുടെ കാര്യത്തില്‍ 2014 മുതല്‍ ചൈന വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് ലോകബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ നിന്ന് വ്യക്തമാണ് ഇന്ത്യയുടെ നിലവാരം. കേരളത്തിന്റേത് 763 കിലോവാട്ട്/ മണിക്കൂര്‍ ആണ്. അതായത് ദേശീയ ശരാശരിയേക്കാള്‍ എത്രയോ പിന്നില്‍. 2017ലെ കെ എസ് ഇ ബിയുടെ കണക്ക് പ്രകാരം കേരളത്തിലെ വാര്‍ഷിക വൈദ്യുതിയുപഭോഗം 64 ദശലക്ഷം യൂനിറ്റാണ്. വേനൽകാലത്ത് ഇത് 80 ദശലക്ഷം മുതല്‍ 82 ദശലക്ഷം വരെ ആകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക്. ഇപ്പോഴത്തെ കണക്ക് പ്രകാരം കെ എസ് ഇ ബി പ്രതിദിനം 57 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇറക്കുമതി ചെയ്യുകയാണ്.
Posted on: September 16, 2019 1:25 pm | Last updated: September 16, 2019 at 1:26 pm


കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിച്ചാലെന്താണ്? ഈ ചോദ്യത്തിന് മുന്നില്‍ നെറ്റി ചുളിക്കുന്നവരാണ് മലയാളികളില്‍ നല്ല ശതമാനവും. അത്രക്ക് ഗുരുതരമായ പൊതു ബോധം ആണവ വൈദ്യുതിയുമായി ബന്ധപ്പെട്ട് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യവും മറ്റു രാജ്യങ്ങളെപോലെ വികസനപാതയില്‍ മുന്നോട്ട് പോകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വലിയ ജനവിഭാഗത്തിന് തീര്‍ത്തും നിരാശയുളവാക്കുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍. ശാസ്ത്രത്തിന്റെ പിന്‍ബലം ഒട്ടുമില്ലാത്തതാണെങ്കിലും പരമസത്യമെന്ന നിലയിലാണ് ഒരു കൂട്ടര്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വാദം അവതരിപ്പിച്ചു നിറഞ്ഞുനില്‍കുന്നത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ ടെലിഫോണ്‍, ഫ്രിഡ്ജ് തുടങ്ങിയവ ആഢംബര വസ്തുക്കളായിരുന്നുവെങ്കില്‍ ഇന്നത് തികച്ചും ഒഴിച്ചുകൂടാനാകാത്ത വീട്ടുപകരണങ്ങളായി മാറിയിരിക്കുന്നു. ഈ വീട്ടുപകരണങ്ങള്‍ക്ക് അന്നുണ്ടായിരുന്ന അവസ്ഥ ഇന്ന് എയര്‍കണ്ടീഷണറുകള്‍ക്കും മൈക്രോവേവ് ഓവനുകള്‍ക്കുമാണ്. എന്നാലും അതും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കാരണം മലയാളിയുടെ ജീവിതശൈലി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥയും മാറിക്കൊണ്ടിരിക്കുന്നു.

ഇപ്പോള്‍, ഇന്ത്യയില്‍ ഒരു പുതിയ മധ്യവര്‍ഗം ഉദയംകൊണ്ടിരിക്കുന്നു. നല്ല രീതിയില്‍ സമ്പാദിക്കുകയും അത് ചെലവഴിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. അവരുടെ ആവശ്യങ്ങളും നിറവേറ്റുന്ന രീതിയിലായിരിക്കണം ഭരണാധികാരികള്‍ നയം രൂപവത്കരിക്കേണ്ടത്.
ഇത്തരമൊരു സാഹചര്യത്തില്‍ വൈദ്യുതിയുടെ കാര്യത്തില്‍ അവസ്ഥ എന്താണ്? വൈദ്യുതിയുത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം അവയുടെ ഉത്പാദന നിലവാരം തുടങ്ങിയവയെ കുറിച്ച് ഭരണാധികാരികള്‍ക്ക് ദീര്‍ഘവീക്ഷണം ഇല്ലെന്നതാണ് പരമാര്‍ഥം. ഒരു മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മറ്റേ മുന്നണിയെ ഏറ്റവും കൂടതലായി പഴിക്കാന്‍ ഉപയോഗിക്കുന്നത് വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ പ്രധാന ന്യായം കഴിഞ്ഞ സര്‍ക്കാര്‍ പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നില്ല എന്നതായിരിക്കും. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറിനെ കുറ്റം പറയുന്ന ഭരണ മുന്നണിയും പതിവ് തെറ്റിക്കാതെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് കാര്യമായി ഒന്നും ചെയ്യുകയുമില്ല. ഏറിയാല്‍, കേന്ദ്ര പൂളില്‍ നിന്നും അധിക വൈദ്യുതി വേണമെന്നഭ്യര്‍ഥിക്കും. കേന്ദ്രമാകട്ടെ സംസ്ഥാനം ഭരിക്കുന്നത് എതിര്‍കക്ഷിയാണെങ്കില്‍ നിഷ്‌കരുണം നിരസിക്കുകയും ചെയ്യും. കേന്ദ്രത്തിന്റെ കൈയിലും അധിക വൈദ്യുതിയില്ല എന്നതാണ് സത്യം. ഭരിക്കുന്ന മുന്നണിയാകട്ടെ ഈ അവസരം മുതലെടുത്ത് പ്രസ്താവനാ യുദ്ധങ്ങളും സമരപ്രഖ്യാപനങ്ങളുമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ഇറങ്ങിപ്പോകും. അങ്ങനെ ഭരിക്കുന്നതിനിടെ വര്‍ഷാ വര്‍ഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. അതനുസരിച്ച് വോള്‍ട്ടേജിന്റെ അളവും കുറഞ്ഞുവരുന്നു.
വൈദ്യുതിയുടെ ഉപഭോഗമാണ് ഒരു രാജ്യത്തിന്റെയും അതുവഴി ജനതയുടെയും ജീവിതനിലവാരത്തിന്റെ അളവുകോലായി എന്നും ലോകം അംഗീകരിക്കുന്നത്.

അങ്ങനെ നോക്കുമ്പോള്‍ 2017-18ല്‍ ഇന്ത്യയുടെ ആളോഹരി വാര്‍ഷിക വൈദ്യുതിയുപഭോഗം 1,122 കിലോവാട്ട്/ മണിക്കൂര്‍ ആണ്. ചൈന 4,475ഉം അമേരിക്കയുടേത് 12,071ഉം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടേത് 5,908ഉം ആണ്. 2014 മുതല്‍ ചൈന വലിയ കുതിച്ചുചാട്ടമാണ് വൈദ്യുതിയുടെ കാര്യത്തില്‍ നടത്തിയിരിക്കുന്നതെന്ന്് ലോകബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നിന്ന് വ്യക്തമാണ് ഇന്ത്യയുടെ നിലവാരം.

കേരളത്തിന്റേത്763 കിലോവാട്ട്/ മണിക്കൂര്‍ ആണ്. അതായത് ദേശീയ ശരാശരിയേക്കാള്‍ എത്രയോ പിന്നില്‍. 2017ലെ കെ എസ് ഇ ബിയുടെ കണക്ക് പ്രകാരം കേരളത്തിലെ വാര്‍ഷിക വൈദ്യുതിയുപഭോഗം 64 ദശലക്ഷം യൂനിറ്റാണ്. വേനല്‍ക്കാലത്ത് ഇത് 80 ദശലക്ഷം മുതല്‍ 82 ദശലക്ഷം വരെ ആകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക്. ഇപ്പോഴത്തെ കണക്ക് പ്രകാരം കെ എസ് ഇ ബി പ്രതിദിനം 57 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇറക്കുമതി ചെയ്യുകയാണ്.
കേരളീയരുടെ ജീവിത നിലവാരത്തിലുണ്ടായ വ്യത്യാസമാണ് ഇതിന് കാരണം. കെ എസ് ഇ ബിയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും ഒരു ലക്ഷം ഇന്‍ഡക്ഷന്‍ കുക്കറുകളും ഇരുപതിനായിരം എ സികളുമാണ് കേരളത്തില്‍ വിറ്റഴിയുന്നത്. മറ്റ് ഗൃഹോപരണങ്ങള്‍ വേറെയും. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം വൈദ്യുതിയുപഭോഗം എത്രത്തോളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്. 1956 നവംബറില്‍ കേരളം പിറന്ന ശേഷം എത്ര വൈദ്യുതിയുത്പാദന കേന്ദ്രങ്ങള്‍ നമുക്കുണ്ടായി? കേരളത്തിന്റെ ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ തോത് കണക്കിലെടുത്താല്‍ നാം തുടങ്ങിയേടത്ത് തന്നെയെന്ന് കാണാം. ഇപ്പോഴും എടുത്തുപറയാന്‍ ഇടുക്കി ജലവൈദ്യുതി പദ്ധതിയല്ലാതെ വേറെയൊരെണ്ണം നമുക്കുണ്ടോ? ഇടുക്കിയിലെ വൈദ്യുതിയുത്പാദനവും അതിന്റെ പൂര്‍ണതോതില്‍ നടപ്പിലാക്കാന്‍ നമുക്ക് സാധിക്കുന്നില്ല. കാരണം, കാലാകാലങ്ങളില്‍ ആവശ്യമായ മെയിന്റനന്‍സുകള്‍ അവിടെ നടത്താറില്ല.

ജനസംഖ്യയിലുണ്ടായ ക്രമാതീതമായ വര്‍ധനവ് നമ്മുടെ വനഭൂമിയുടെ വിസ്തീര്‍ണം ഗണ്യമായി കുറക്കുകയും അത് നമ്മുടെ പരിസ്ഥിതിയെ അട്ടിമറിക്കുകയും ചെയ്തിരിക്കുന്നു. മഴയെ മാത്രം ആശ്രയിച്ചുള്ള വൈദ്യുതിയുത്പാദനം പവര്‍ കട്ട് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുവാനേ സഹായിക്കൂ. ഈ വര്‍ഷം മഴ പ്രതീക്ഷിച്ചതിലും കൂടതല്‍ ലഭിച്ചിട്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പവര്‍കട്ടിനെ കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.
നമ്മുടെ പ്രതിദിന വൈദ്യുതിയുപഭോഗത്തിന്റെ കഷ്ടിച്ച് അമ്പത് ശതമാനത്തിനുമേല്‍ മാത്രമാണ് ഉത്പാദനം. ബാക്കി കേന്ദ്ര പൂളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നതാണ്. ഇടുക്കിയുള്‍പ്പെടെയുള്ള ജലവൈദ്യുതി പദ്ധതികളില്‍ നിന്നും നമുക്ക് ലഭിക്കുന്നത് 66 ശതമാനം മാത്രമാണ്. ഇതില്‍ തന്നെ 65 ശതമാനവും ഇടുക്കിയില്‍ നിന്നുമാണ്. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. 1975ല്‍ കമ്മീഷന്‍ ചെയ്ത ഇടുക്കി തന്നെയാണ് ഇപ്പോഴും വൈദ്യുതി ദാതാവ്.

കല്‍ക്കരിയുപയോഗിച്ചുള്ള വൈദ്യുതിയുത്പാദനം (താപനിലയങ്ങള്‍) പരിസ്ഥിതിക്ക് ഏറെ ദോഷകരമാണെന്ന് ഇന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഓസോണ്‍ പാളികള്‍ക്ക് ഇത്തരം നിലയങ്ങളില്‍ നിന്നും വരുന്ന വിഷാംശം നിറഞ്ഞ വാതകങ്ങള്‍ ഹാനിവരുത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ കല്‍ക്കരി നിക്ഷേപം കാര്യമായുള്ളത് ബീഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. അപ്പോള്‍ കേരളത്തില്‍ ഒരു താപനിലയം വേണമെങ്കില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി കല്‍ക്കരി ഇവിടെ എത്തിക്കേണ്ടി വരും. ചരക്ക്കൂലിയും ഉത്്പാദനച്ചെലവും കണക്കാക്കുമ്പോള്‍ നിരക്ക് കുത്തനെ കൂടും. കുറഞ്ഞ നിരക്കില്‍ വൈദ്യുതിയുത്പാദിപ്പിക്കാനുള്ള മാര്‍ഗം മുന്നിലിരിക്കെ കേരള ജനതയുടെ മേല്‍ അനാവശ്യമായ ഈ അധികഭാരം കയറ്റിവെക്കേണ്ടതുണ്ടോ?

കേരളത്തില്‍ ഈയിടെയുണ്ടായ അഭൂതപൂര്‍വമായ മഴക്ക് ശേഷം ഡാമുകള്‍ തുറന്നുവിടുകയുണ്ടായി. വേണ്ടത്ര മഴ ലഭിച്ചാലും അത് വേണ്ടരീതിയില്‍ സംഭരിച്ചുവെക്കുവാനും ഭാവിയില്‍ വൈദ്യുതിയുത്പാദനത്തിന് ഉപയോഗിക്കാനുമുള്ള പ്രാപ്തിക്കുറവാണല്ലോ അത് കാണിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് നമുക്കൊരു ആണവനിലയത്തെക്കുറിച്ച് ചിന്തിച്ചുകൂടാ. ഏതൊരു പുതിയ കണ്ടുപിടത്തവും ലോകം എതിര്‍പ്പുകളോടെയാണ് സ്വീകരിച്ചിട്ടുള്ളത്. യൂറോപ്പില്‍ ആദ്യമായി തീവണ്ടിവന്നപ്പോള്‍ ജനങ്ങള്‍ ആദ്യം അതില്‍ യാത്ര ചെയ്യാന്‍ മടിച്ചു. തീവണ്ടി വരുന്നതിന്റെ മുന്നോടിയായി പാളത്തിലൂടെ ഒരാള്‍ ഓടി ജനങ്ങളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഭീതിയോടെയായിരുന്നു അന്ന് ജനം തീവണ്ടിയെ കണ്ടിരുന്നത്. ആണവോര്‍ജം വഴി വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്ന് കണ്ടെത്തിയപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാനില്‍ അണുബോംബ് വിതച്ച നാശത്തിന്റെ കണക്ക് പെരുപ്പിച്ചായിരുന്നു ചില പരിസ്ഥിതിവാദികള്‍ അതിനെതിരെ നിലകൊണ്ടത്. ഇവരുടെ പ്രധാനവാദം ആണവനിലയം പൊട്ടിത്തെറിച്ചാല്‍ അത് അണുബോംബിനേക്കാള്‍ ഭീകരമായനാശമായിരിക്കും വിതക്കുക എന്നാണ്. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് ജപ്പാനിലുണ്ടായ സുനാമി മൂലം ആണവനിലയങ്ങള്‍ക്കുണ്ടാക്കിയ നാശവും അതുവഴിയുണ്ടായ അണുപ്രസരണവുമാണ്. ഓര്‍ക്കുക, എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ഭീകരമായ രീതിയില്‍ സുനാമിയുണ്ടായത്. സുനാമിയേയും അതിജീവിക്കുന്ന ആണവനിലയങ്ങളെക്കുറിച്ചുള്ള ഗൗരവമായ പരീക്ഷണങ്ങള്‍ ശാസ്ത്രലോകം തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ റെയില്‍വേ പാലം നിര്‍മിച്ചപ്പോള്‍ അതുവഴി കടന്നു വന്ന തീവണ്ടി പാലം തകര്‍ന്ന് പുഴയില്‍ വീണു. ബ്രിട്ടനിലാണത് സംഭവിച്ചത്. എന്‍ജിനീയര്‍മാര്‍ തകര്‍ന്ന സ്റ്റീല്‍ പാലം പരിശോധിച്ചപ്പോള്‍ മനസ്സിലാക്കി, അപകടത്തിന് കാരണം പാല നിര്‍മാണത്തിന് ഉപയോഗിച്ച ഇരുമ്പില്‍ കാര്‍ബണിന്റെ അംശം കൂടുതലായതാണെന്ന്. അടുത്ത നിര്‍മാണത്തില്‍ കുറവുകള്‍ നികത്തിയപ്പോള്‍ അത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതായി. അതാണ് ശാസ്ത്രത്തിന്റെ രീതി. കണ്ടുപിടുത്തങ്ങളിലെ കുറവുകളും തെറ്റുകളും അനുഭവങ്ങളിലൂടെ തിരുത്തുന്നു. ജനങ്ങള്‍ക്കത് ഉപകാരമാകത്തക്ക രീതിയില്‍ പുനരവതരിപ്പിക്കുന്നു. അതുതന്നെയായിരിക്കും പുതുതായി പണിയുന്ന ആണവ നിലയങ്ങളുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. കുറ്റമറ്റ രീതിയില്‍ എല്ലാ പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കുന്ന നിര്‍മാണ രീതിയിലായിരിക്കും ഇനിയുള്ള ആണവ നിലയങ്ങള്‍ പിന്തുടരുക.

അണുബോംബിന്റെയും ആണവനിലയങ്ങളുടെയും പ്രവര്‍ത്തനം ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതില്‍ പറ്റിയ അബദ്ധമാണ് ഇത്തരമൊരു വാദ ഗതിയിലേക്ക് ഇവരെ എത്തിച്ചത്. ആണവ നിലയത്തില്‍ റേഡിയോ ആക്റ്റീവ് പ്രവര്‍ത്തനം അടച്ചുറപ്പായ ഒരു പാളിക്കകത്താണ് നടക്കുന്നത്. വളരെ ഉയര്‍ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂടിനകത്താണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പാളിക്ക് ചുറ്റുമായി ശീതീകരണ സംവിധാനം ഒരുക്കിയിരിക്കുന്നു. കൂടാതെ, അപകടാവസ്ഥയില്‍ നിലയത്തിന്റെ പ്രവര്‍ത്തനം സ്വയം നിലക്കുന്ന മറ്റൊരു സംവിധാനവും ഉണ്ട്. ഈ കാര്യങ്ങളെല്ലാം മൊത്തമായി അടക്കം ചെയ്തിരിക്കുന്നതാകട്ടെ ഒരു വലിയ കൂടാരത്തിനകത്തും. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ഇതിനായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്.

ആണവോര്‍ജ നിലയങ്ങളുടെ ഏറ്റവും വലിയ ഗുണം അന്തരീക്ഷമലിനീകരണം തീരെ വരുത്തുന്നില്ലെന്നതാണ്. ജലവൈദ്യുതി പദ്ധതികളെ അപേക്ഷിച്ച് അവക്ക് വളരെ കുറച്ചു ഭൂമി മതി. രാജ്യത്തിന്റെ ഏത് ഭാഗത്തും സ്ഥാപിക്കാമെന്നതിനാല്‍ വൈദ്യുതിയുടെ പ്രസരണ ചെലവ് കുറക്കുവാന്‍ സാധിക്കുന്നു. കുറഞ്ഞ ഇന്ധനം കൊണ്ട് കൂടുതല്‍ വൈദ്യുതിയുത്പാദിപ്പിക്കാമെന്നതും ഗുണമാണ്. അതായത് ഒരു ഗ്രാം കല്‍ക്കരികൊണ്ടോ ഡീസല്‍കൊണ്ടോ ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ ഒരു മില്യണ്‍ ഇരട്ടി വൈദ്യുതി ഒരു ഗ്രാം യുറേനിയം കൊണ്ട് ഉത്പാദിപ്പിക്കാം. അതുകൊണ്ടുതന്നെ, അസംസ്‌കൃത വസ്തുവായ യൂറേനിയത്തിന്റെ കടത്തുകൂലിയും കുറഞ്ഞിരിക്കും.

ആണവനിലയത്തിലെ അസംസ്‌കൃതവസ്തുവായ യൂറേനിയത്തിന്റെയും തോറിയത്തിന്റെയും പ്രത്യേകത അവ അണുവിസ്‌ഫോടനം വഴി ഊര്‍ജം ഉത്പാദിപ്പിക്കുമ്പോള്‍ അതിന്റെ കൂടെ പുറത്തുവരുന്ന വസ്തുക്കള്‍ വീണ്ടും അണുവിസ്‌ഫോടനം നടത്തി ഊര്‍ജം ഉത്പാദിപ്പിക്കാമെന്നതാണ്. അതായത്, കുറഞ്ഞ അസംസ്‌കൃതവസ്തുക്കള്‍കൊണ്ട് കൂടതല്‍ ഊര്‍ജം.

ആണവമാലിന്യങ്ങള്‍ അതീവനാശകാരികളെന്നും അവ സൂക്ഷിക്കാനുള്ള ഇടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നുമുള്ള വാദവും തെറ്റാണ്. ഇരുപത് വര്‍ഷം കൊണ്ട് നാല് പേരടങ്ങുന്ന കുടുംബം അവരുടെ അടുക്കളയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം നമ്മുടെ പരിസ്ഥിതിക്ക് വരുത്തുന്ന നാശത്തിന്റെ തോത് വിസ്തരിക്കേണ്ടതില്ലലോ.

ആണവ നിലയങ്ങളുടെ സ്ഥാപനത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം1987 സെപ്തംബറില്‍ ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലെ ആണവ നിലയങ്ങളുടെ നടത്തിപ്പും അവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്വവും ഈ സ്ഥാപനത്തിനാണ്.