Connect with us

National

വേണ്ടിവന്നാല്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലാക്ക് കൊണ്ടുവരാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി. ജനങ്ങളുടെ അവകാശങ്ങളും രാജ്യത്തിന്റെ സുരക്ഷയും സംരക്ഷിക്കപ്പെടണം. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന ആരോപണം ഗൗരവമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ താന്‍ കശ്മീരിലേക്ക് പോകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

നിലവിലെ സ്ഥിതിവിവരങ്ങള്‍ അറിയിക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഗുലാംനബി ആസാദിന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനും അനുമതി നല്‍കി. ശ്രീനഗറും കശ്മീരും സന്ദര്‍ശിക്കാനാണ് അനുമതി. എന്നാല്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കരുതെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ ചികിത്സ പൂര്‍ത്തിയാക്കിയ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് കശ്മീരിലേക്ക് മടങ്ങാനും അനുമതി നല്‍കി. ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു. മടങ്ങുന്നതിന് എന്തിനാണ് ഇത്തരം ഒരു അപേക്ഷ സമര്‍പ്പിച്ചതെന്ന് കോടതി ചോദിച്ചു.

തരിഗാമി ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വാഹനങ്ങള്‍ പിന്‍വലിക്കുകയും യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തതായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാമചന്ദ്രന്‍ മറുപടി നല്‍കി.
തരിഗാമിയുടെ ആരോഗ്യനില എന്താണെന്ന് കോടതി ഇതിന് പിന്നാലെ ചോദിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി അഭിഭാഷകന്‍ മറുപടി നല്‍കി. ആരോഗ്യസ്ഥിതി അനുവദിക്കുന്നുവെങ്കില്‍ തരിഗാമിക്ക് തിരികെ പോകാമെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ മറുപടി.

Latest