Connect with us

National

വീട്ടു തടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുല്ലയെ പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പൊതു സുരക്ഷാ നിയമ (പി എസ് എ) പ്രകാരം അറസ്റ്റു ചെയ്തു. ഇതോടെ രണ്ടു വര്‍ഷമെങ്കിലും അദ്ദേഹം തടങ്കലില്‍ തുടരേണ്ടി വരും. ആഗസ്റ്റ് അഞ്ചു മുതല്‍ കരുതല്‍ തടങ്കലിലാണ് ജമ്മു കശ്മീരിലെ മുതിര്‍ന്ന നേതാവും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമാണ് 82കാരനായ ഫാറൂഖ്. ചെന്നൈയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ ഫാറൂഖ് അബ്ദുല്ല പങ്കെടുക്കേണ്ടതുണ്ടെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം ഡി എം കെ തലവന്‍ വൈകോ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സമയത്താണ് അധികൃതരുടെ നടപടി.

ഫാറൂഖിന്റെ വസതിയായ ഗുപ്കര്‍ അനുബന്ധ ജയിലായി പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ രോഹിത് കന്‍സാല്‍, ശ്രീനഗര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ എന്നിവരൊന്നും പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഫാറൂഖിന്റെ വീട്ടിലേക്കുള്ള വഴി സുരക്ഷാ സേന അടച്ചതായാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.

വീട്ടു തടങ്കലിലുള്ള ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുല്ലയെയും കാണാന്‍ എത്രയും പെട്ടെന്ന് സൗകര്യമൊരുക്കണമെന്ന് എന്‍ സി നേതാക്കളും എം പിമാരുമായ അക്ബര്‍ ലോണും ഹസ്‌നൈന്‍ മസൂദിയും ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണറോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.