ഭീകരര്‍ക്ക് തിരിച്ചടി നല്‍കാന്‍ പ്രാപ്തിയുണ്ട്: മുഹമ്മദ് ബിന്‍ സല്‍മാന്‍

Posted on: September 16, 2019 12:16 pm | Last updated: September 16, 2019 at 12:16 pm

റിയാദ്: രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള ശേഷി സഊദി അറേബ്യക്കുണ്ടെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയച്ച സന്ദേശത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലപാട് അറിയച്ചതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയുടെ സുരക്ഷയ്ക്കായി അവര്‍ക്കൊപ്പം സഹകരിക്കാന്‍ യു എസ് തയ്യാറാണെന്ന് ട്രംപ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു എസിന്റെയും ആഗോള സമ്പദ് വ്യവസ്ഥയേയും ഈ ആക്രമണം ബാധിച്ചെന്നും ട്രംപ് എം ബി ബി എസിനെ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലയായ അബ്‌ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്.