മീ ടൂ: കുറ്റാരോപിതനായ പ്രൊഫസറെ തിരിച്ചെടുത്തതിനെതിരെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ പ്രക്ഷോഭം

Posted on: September 16, 2019 11:53 am | Last updated: September 16, 2019 at 1:24 pm

ലക്‌നൗ: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിന് സസ്‌പെന്‍ഡ് ചെയ്ത പ്രൊഫസറെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങി. ഇതേ തുടര്‍ന്ന് പ്രൊഫസറോട് നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മീ ടു പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സുവോളജി പ്രൊഫസര്‍ ഷെയ്ല്‍ കുമാര്‍ ചൗബയെയാണ് തിരിച്ചെടുത്തിരുന്നത്.

ഒഡിഷയിലേക്കുള്ള വിദ്യാര്‍ഥികളുടെ പഠന സംഘത്തോടൊപ്പം പോയ ഷെയ്ല്‍ കുമാര്‍ യാത്രക്കിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. വിഷയത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുകയും പ്രൊഫസര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് തിരിച്ചെടുക്കണമെന്ന പ്രൊഫസറുടെ അപേക്ഷ അധികൃതര്‍ അംഗീകരിച്ചു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ശക്തമായി രംഗത്തെത്തിയതോടെയാണ് അവധിയില്‍ പ്രവേശിക്കാന്‍ പ്രൊഫസര്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രൊഫസറെ പിരിച്ചുവിടണമെന്നാണ് സമരക്കാരുടെ ആവശ്യം.