Connect with us

Kerala

പാലാരിവട്ടം പാലം പൂര്‍ണമായും പൊളിച്ച് പണിയും; നിര്‍മാണ ചുമതല ഇ ശ്രീധരന്

Published

|

Last Updated

തിരുവനന്തപുരം: നിര്‍മാണത്തിലെ ക്രമക്കേട് മൂലം വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലം സംസ്ഥാന സര്‍ക്കാര്‍ പുതിക്കി പണിയുന്നു. കടുത്ത സുരക്ഷാ ഭീഷണയിയുള്ളതിനാല്‍ പാലം പൂര്‍ണമായും പൊളിച്ച് പണിയണമെന്ന ഇ ശ്രീധരന്‍ അടക്കമുള്ള വിദഗ്ദരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാലം പുതുക്കി പണിയുന്നതിന്റെ നിര്‍മാണ ചുമതല ഇ ശ്രീധരന് നല്‍കി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇ ശ്രീധരനെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചത്. വരുന്ന ഒക്ടോബറില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കും. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തില്‍ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐ ഐ ടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് കിട്ടിയിട്ടുണ്ട്. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐ ഐ ടി വിദഗ്ധര്‍ പറഞ്ഞത്. ഇതുകൂടി പരിഗണിച്ചാണ് പൂര്‍ണമായും പൊളിച്ച് പണിയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന പാലത്തിന്റെ നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കുറ്റാരോപിതരായ രാഷ്ട്രീയക്കാര്‍ അടക്കമുള്ളവരിലേക്ക് അന്വേഷണം നീളുമെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് അറിയിച്ചു.

Latest