Connect with us

Kerala

പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തയാര്‍: നിലപാടറിയിച്ച് പി എസ് സി ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം: പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ പി എസ് സി തയ്യാറാണെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പി എസ് സി ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. കെ എ എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താനാണ് തീരുമാനം.

പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് പി എസ് സി ചെയര്‍മാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തുന്നതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാനായി പ്രത്യേക സമിതി രൂപവത്കരിക്കാനാണ് പി എസ് സിയുടെ തീരുമാനം. സര്‍വകലാശാല അധ്യാപകരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.

നിലവില്‍ പി എസ് സിയുടെ ബിരുദ തലത്തിലുള്ള പരീക്ഷകളെല്ലാം ഇംഗ്ലീഷിലാണ് എഴുതേണ്ടത്. ഒരു വിഭാഗം ചോദ്യങ്ങള്‍ മാത്രമാണ് മലയാളത്തിലുള്ളത്. സയന്‍സ് ഉള്‍പ്പടെയുള്ള ചില വിഷയങ്ങള്‍ എങ്ങനെ മലയാളത്തില്‍ നടത്താന്‍ കഴിയുമെന്ന പ്രശ്‌നവും പി എസ് സിയുടെ മുമ്പിലുണ്ട്.

Latest