സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ചീയപ്പാറ വെള്ളച്ചാട്ടം

Posted on: September 16, 2019 11:21 am | Last updated: September 16, 2019 at 11:21 am

കോതമംഗലം: സുലഭമായ മഴയിൽ നിറഞ്ഞൊഴുകുന്ന ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നു. കൊച്ചി ധനുഷ്കോടി പാതയിൽ നേര്യമംഗലം വാളറക്ക് സമീപമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ദേശീയപാതയോട് ചേർന്ന് മലമുകളിൽ നിന്ന് നൂറ് അടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ ആകർഷണീയമാണ്.
ദേശീയ പാതയിലെ കലുങ്കിനടയിലൂടെ ഒഴുകി പെരിയാറിൽ ചേരുന്നു. മഴ നന്നായി പെയ്തതിനാൽ മൂന്ന് മാസത്തോളമായി വെള്ളച്ചാട്ടം കാണാൻ എത്തുന്നവരെ കൊണ്ട് സജീവമാണ് ചീയപ്പാറ.

മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളായ നിരവധി പേരാണ് മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. എന്നാൽ ഇവിടെ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടില്ല. വെള്ളച്ചാട്ടത്തിന് സമീപമുള്ള അപകടകരമായ മൺതിട്ടകളും ഭീഷണിയാണ്.