സഊദി അരാംകോക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; കുതിച്ചുയര്‍ന്ന് എണ്ണ വില

Posted on: September 16, 2019 11:09 am | Last updated: September 16, 2019 at 12:34 pm

റിയാദ്: സഊദി അരാംകോക്ക് നേരെ ശനിയാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളില്‍ നിന്നുള്ള എണ്ണ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഉത്പാദനമാണ് നിര്‍ത്തിയിട്ടുള്ളത്. എണ്ണ വില 13 ശതമാനം വര്‍ധിച്ച് ബാരലിന് 68.06 ഡോളര്‍ എന്ന നിരക്കിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ സംസ്‌കൃത എണ്ണ വില 10.2 ശതമാനം വര്‍ധിച്ച് ബാരലിന് 60.46 ഡോളര്‍ ആയി. 28 വര്‍ഷത്തിനിടെ എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എണ്ണ വില ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്.

അരാംകോ സംസ്‌കരണ ശാലകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അബ്ഖൈഖിലെയും ഖുറൈസിലെയും എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നു. ആക്രമണം ഈ എണ്ണ പ്ലാന്റുകളില്‍ വന്‍ തീപ്പിടിത്തത്തിന് ഇടയാക്കിയതാണ് ഉത്പാദനം കുറയാന്‍ ഇടയാക്കിയത്. അബ്ഖൈഖ്, ഖുറൈസ് എണ്ണ പ്ലാന്റുകളിലെ ഉത്പാദനം പൂര്‍വസ്ഥിതിയിലാകാന്‍ വൈകിയാല്‍ ആഗോള വിപണിയില്‍ പ്രതിസന്ധി കടുക്കും.

ഡ്രോണ്‍ ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ അരാംകോ ഇപ്പോഴും കണക്കാക്കി വരുന്നതേയുള്ളൂ. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ് ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പമ്പിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 3.31നും 3.42നുമാണ് അബ്ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ ആക്രമണം നടത്തിയത്.