Connect with us

Kozhikode

ലീഗിലെ യാത്രാപ്പടി വിവാദം കീഴ്ഘടകങ്ങളിലും ചർച്ചയാകുന്നു

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം ലീഗിലെ യാത്രാപ്പടി വിവാദം കീഴ്ഘടകങ്ങളിലും ചർച്ചയാകുന്നു. ലീഗിന്റെ കോഴിക്കോട് ജില്ലാ നേതൃയോഗത്തിലും കൗൺസിലിലും ഏറെ ഒച്ചപ്പാടിനും ഇറങ്ങിപ്പോക്കിനും സാഹചര്യമൊരുക്കിയ ജില്ലാ പ്രസിഡന്റിന്റെ ഏഴര ലക്ഷം രൂപ യാത്രാപ്പടി വിവാദമാണ് കഴിഞ്ഞ ദിവസം താഴെ തലങ്ങളിലേക്കും വ്യാപിച്ചത്. അടുത്ത മാസം മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന പൗരവകാശ സംരക്ഷണ റാലിയോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം വിളിച്ചു ചേർത്ത ബേപ്പൂർ മണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് വിവാദം ചൂടേറിയ ചർച്ചക്കും വാഗ്വാദത്തിനും ഇടയാക്കിയത്.
മണ്ഡലം മുസ്‌ലിം ലീഗ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജില്ലാ ലീഗ് പ്രസിഡന്റ് ഉമർ പാണ്ടികശാല യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. കൂടാതെ, യോഗം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന നേതാവ് എം സി മായിൻ ഹാജി വിഷയത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. യാത്രാപ്പടി സംബന്ധിച്ച വിവാദം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായിരിക്കെ സ്വന്തം മണ്ഡലം യോഗത്തിലെത്തി ഉമർ പാണ്ടികശാല വിശദീകരണം നൽകേണ്ടതായിരുന്നുവെന്ന് മണ്ഡലം ലീഗിന്റെ ഒരു പ്രധാന ഭാരവാഹി അഭിപ്രായപ്പെട്ടു.

19 മാസം മാത്രം പ്രായമുള്ള ജില്ലാ കമ്മിറ്റിക്ക് ഏഴര ലക്ഷം രൂപ യാത്രാപ്പടിയെന്നത് മുസ്‌ലിം ലീഗിന്റെ അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് ഇത് സംബന്ധിച്ച വിശദീകരണം നൽകണമെന്നും ഒരു പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് യോഗത്തിൽ ആവശ്യമുന്നയിച്ചു. ജില്ലാ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കി ജില്ലാ കമ്മിറ്റിക്ക് നൽകണമെന്നും അംഗങ്ങൾ ശക്തമായ വാദം നടത്തി.

എന്നാൽ, പ്രമേയം അവതരിപ്പിച്ച് നൽകാനാകില്ലെന്നും വിഷയം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അധ്യക്ഷൻ ഉറപ്പുനൽകിയ ശേഷമാണ് വാഗ്വാദത്തിന് വിരാമമായത്. ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ, ചെറുവണ്ണൂർ- നല്ലളം, കടലുണ്ടി, കരുവൻതുരുത്തി മേഖലാ കമ്മിറ്റികളിലെ മുസ്‌ലിം ലീഗ് ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.
അതേസമയം, ജില്ലാ പ്രസിഡന്റ്ഏഴര ലക്ഷം രൂപ യാത്രാപ്പടി വാങ്ങിയത് സംബന്ധിച്ച വിവാദം ലീഗ് ഭാരവാഹികൾക്കിടയിൽ വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്.

ലീഗിൽ യാത്രാപ്പടി സംവിധാനം ഇല്ലെന്നും ആരോപണം സംബന്ധിച്ച വ്യക്തത വെളിപ്പെടുത്താൻ നേതാക്കൾ തയ്യാറാകണമെന്നുമാണ് ഒരു മേഖലാ പ്രസിഡന്റ് ഗ്രൂപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടത്. ലീഗിന്റെ സാധാരണ പ്രവർത്തകർ കൈയിൽ നിന്ന് കാശെടുത്ത് ചെലവഴിച്ച് പാർട്ടി വളർത്തുമ്പോൾ നേതാക്കൾ ലക്ഷക്കണക്കിന് രൂപ യാത്രാപ്പടി വാങ്ങുന്നത് ന്യായീകരിക്കാനാകുന്നതല്ലെന്നാണ് മറ്റൊരു ലീഗ് മേഖലാ പ്രസിഡന്റിന്റെ അഭിപ്രായം.
എന്നാൽ, നേതാക്കളെ ഇകഴ്ത്തി സംസാരിക്കുന്നത് ശരിയല്ലെന്ന് ഗ്രൂപ്പിലെ ഒരു പ്രാദേശിക നേതാവിന്റെ അഭിപ്രായത്തോട് മറ്റുള്ളവർ രൂക്ഷമായാണ് പ്രതികരിച്ചത്. തങ്ങളാരും നേതാക്കളെ വിമർശിച്ചിട്ടില്ലെന്നും ചരിത്രത്തിലിതുവരെ കാണാത്ത ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ എവിടെ ചോദിച്ചിട്ടും മറുപടി കിട്ടാത്തതുകൊണ്ട് വിമർശിച്ചതാണെന്നും അതിന് പോലുമുള്ള സ്വാതന്ത്ര്യം പാർട്ടിയിലില്ലേയെന്നും ഒരു പ്രമുഖ നേതാവ് ഗ്രൂപ്പിൽ പ്രതികരിച്ചു.

Latest