Connect with us

Kerala

ഗതാഗത നിയമ ലംഘനത്തിന് പിഴ; ഉന്നതതല യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് യോഗം വിളിച്ചിട്ടുള്ളത്. പിഴയില്‍ ഇളവ് വരുത്തുന്നതിന് ഏതൊക്കെ രീതിയില്‍ ഇടപെടാനാകുമെന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കേന്ദ്ര ഭേദഗതി പ്രകാരമുള്ള പിഴ നിരക്കുകള്‍ ഈടാക്കുമെന്ന് വ്യക്തമാക്കി ആഗസ്റ്റ് 31ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അധിക പിഴ ഈടാക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് വിലക്കിയിരുന്നു. എന്നാല്‍, വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കുന്നത് നിയമപ്രകാരം പ്രായോഗികമല്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ് എത്തിയിരിക്കുന്നതെന്നാണ് വിവരം. ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബൈല്‍റ്റ് ധരിക്കാതിരിക്കല്‍, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കാന്‍ വൈകല്‍ തുടങ്ങിയവയില്‍ മാത്രമേ ഇളവ് അനുവദിക്കാനാകൂവെന്നും ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. പിഴ കുറയ്ക്കുന്നതിന് കോംപൗണ്ടിംഗ് രീതി നടപ്പിലാക്കുന്ന കാര്യവും നിയമ വകുപ്പിന്റെ പരിഗണനയിലുണ്ട്.

ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ സി പി എമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുണ്ട്. അതേസമയം, മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഒരു അറിയിപ്പും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്ര മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിലപാട് മന്ത്രി പിന്നീട് തിരുത്തിയത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനും ആശയക്കുഴപ്പമുണ്ടാക്കുന്നതിനും ഇടവരുത്തിയിരിക്കുകയാണ്.