Connect with us

National

പാര്‍ട്ടികളെയല്ല, വ്യക്തികളെ കേന്ദ്രീകരിച്ചാകണം തിരഞ്ഞെടുപ്പ്; അണ്ണാ ഹസാരെ സമരത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ കക്ഷികളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ കാതലായ മാറ്റം വേണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെ. വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പിനായി പോരാട്ടത്തിന് ഇറങ്ങുമെന്ന് ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഹസാരെ പറഞ്ഞു. ഇതനുസരിച്ച് വോട്ടെടുപ്പിന് ഏതെങ്കിലും പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് പകരം വ്യക്തികളുടെ പേരും ചിത്രവും വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പാര്‍ട്ടി ചിഹ്നങ്ങള്‍ വോട്ടു യന്ത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസാരെ വ്യക്തമാക്കി. രാജ്യത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം സംഘടിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചുള്ള പ്രക്ഷോഭം 2020 ഒക്ടോബര്‍ രണ്ടിനകം നടത്താനാണ് ആലോചിക്കുന്നത്. കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ഭരണഘടനയില്‍ പാര്‍ട്ടി മത്സരിക്കുന്നതിനുള്ള വ്യവസ്ഥയില്ല. എന്നാല്‍, വ്യക്തിക്ക് മത്സരിക്കാനുള്ള വ്യവസ്ഥയുണ്ടു താനും. പാര്‍ട്ടി ചിഹ്നങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ തങ്ങളെ നയിക്കാന്‍ കഴിയുന്ന വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും. ജനങ്ങള്‍ക്ക്് രാഷ്ട്രീയ പാര്‍ട്ടികളെ മടുത്തിരിക്കുകയാണെന്നും അത് ജനാധിപത്യത്തോടുള്ള മടുപ്പായി മാറിയിട്ടുണ്ടെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.