യന്ത്ര തകരാര്‍ : സ്‌പൈസ് ജെറ്റ് കരിപ്പൂര്‍- ജിദ്ദ വിമാനത്തിന് ത്വാഇഫില്‍ അടിയന്തിര ലാന്‍ഡിങ്

Posted on: September 15, 2019 10:39 pm | Last updated: September 15, 2019 at 10:39 pm

ത്വാഇഫ് /ജിദ്ദ : ഉംറ തീര്‍ത്ഥാടകരടക്കം 184 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറ് മൂലം ജിദ്ദയ്ക്കടുത്ത താഇഫ് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. ഇന്ന് പുലര്‍ച്ചെ 5.25 നാണ് കരിപ്പൂരില്‍ നിന്നും വിമാനം യാത്ര തിരിച്ചത് . അവധി കഴിഞ്ഞു സഊദിയിലേക്ക് മടങ്ങുന്ന കുടുംബങ്ങളും 101 ഉംറ തീര്‍ത്ഥാടകറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.യന്ത്ര തകരാര്‍ കണ്ടതിനെ തുടര്‍ന്ന് താഇഫ് വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം രാവിലെ 8.40 നു ത്വാഇഫ് വിമാനത്താവളത്തില്‍ ഇറക്കിയത് . വിമാന താവളത്തില്‍ എല്ലവിധ സുരക്ഷയും അധികൃതര്‍ ഒരുക്കിയിരുന്നു. ഉടന്‍ തന്നെ ജിദ്ദയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാന ത്വാഇഫില്‍ എത്തുകയും, യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു

. യാത്രികകരുടെ എമിഗ്രെഷന്‍ നടപടികള്‍ ജിദ്ദ വിമാനത്താവളത്തിലോ ത്വാഇഫ് വിമാന താവളത്തിലോ പൂര്‍ത്തിയാക്കണമെന്ന ആശയകുഴപ്പം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറെ നേരം യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.യാത്രക്കാരുടെ എമിഗ്രെഷന്‍ നടപടിക്രമങ്ങള്‍ ത്വായിഫില്‍ തന്നെ പൂര്‍ത്തിയാക്കിയ ശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

യാത്രക്കാരെ സഹായിക്കുന്നതിനായി നിരവധി മലയാളി സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഉംറ യാത്രക്കാരെ മക്കയിലേക്കും മറ്റ് യാത്രക്കാരെ ജിദ്ദയിലേക്കും ബസ്സ് മാര്‍ഗ്ഗവും യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് അധികൃതര്‍ എത്തിച്ചു നല്‍കി. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടെക്കുള്ള യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര സൗകര്യം ഏര്‍പ്പാടാക്കി കൊടുത്തുവെന്നും യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഇന്ത്യയിലേക്ക് കൊണ്ടുപോവുമെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു .