Connect with us

National

ഹരിയാനയില്‍ ദേശീയ പൗരത്വ പട്ടിക കൊണ്ടുവരും: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

Published

|

Last Updated

ചണ്ഡീഗഡ്: ഹരിയാനയില്‍ ദേശീയ പൗരത്വ പട്ടിക കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബല്ലയുമായും മുന്‍ നാവിക സേന മേധാവി സുനില്‍ ലാംബയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. അസം ദേശീയ പൗരത്വ റജിസ്റ്റര്‍ മാതൃകയില്‍ അനധികൃത കുടിയേറ്റം തടയുന്നതിന് ഹരിയാനയിലും പൗരത്വ റജിസ്റ്റര്‍ വേണമെന്നാണു മുഖ്യമന്ത്രിയുടെ ആവശ്യം. ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിവാദമായ അസം പൗരത്വ റജിസ്റ്റര്‍ പ്രകാരം 19 ലക്ഷത്തില്‍ അധികം ജനങ്ങളാണു പൗരത്വമില്ലാത്തവരായി.
അസം മാതൃകയില്‍ ഹരിയാനയിലും ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കും. ദേശീയ പൗരത്വ റജിസ്റ്ററിന്റെ ഭാഗമായ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എച്ച് എസ് ബല്ലയുമായി വിഷയം ചര്‍ച്ച ചെയ്തു. ബല്ലാജിയുടെ പിന്തുണയും നിര്‍ദേശങ്ങളും തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുടുംബ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് വേഗത്തിലാക്കും. ഇതിലെ വിവരങ്ങള്‍ പൗരത്വ പട്ടികക്കായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടിയേറ്റക്കാര്‍ തൊഴിലവസരങ്ങള്‍ സ്വന്തമാക്കുന്നതുമൂലം ഹരിയാനക്കാര്‍ക്കു ജോലി ലഭിക്കുന്നില്ലെന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു. അയല്‍രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റങ്ങള്‍ തടയാന്‍ അസമിലേതുപോലെ രാജ്യത്താകമാനം പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുകയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഹരിയാന മുഖ്യമന്ത്രിയുടെ നീക്കം.