സ്ഥാനപതി പടി ഇറങ്ങുന്നു; ഉന്നത പുരസ്‌കാരം ലഭിച്ച ചാരിതാര്‍ഥ്യത്തോടെ

Posted on: September 15, 2019 8:09 pm | Last updated: September 15, 2019 at 8:09 pm

അബുദാബി : യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പടിയിറങ്ങുന്നത് യു എ ഇ യുടെ ഉന്നത പുരസ്‌കാരം ലഭിച്ച ചാരിതാര്‍ഥ്യത്തോടെ. സെപ്തംബര്‍ 30 ന് വിമിക്കാനിരിക്കുന്ന ഇന്ത്യന്‍ സ്ഥാനപതിക്ക് യുഎഇയുടെ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് സെക്കന്‍ഡ് പുരസ്‌കാരം ലഭിച്ചതോടെ വളരെ സന്തോഷത്തോടേയും ആഹ്‌ളാദത്തോടെയുമാണ് അദ്ദേഹം യു എ ഇ വിടുന്നത്. ആദ്യമായാണ് ഇന്ത്യന്‍ സ്ഥാനപതിക്ക് ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നത്.

1983 ഐഎഫ്എഎസ് ബാച്ച് ഉദ്യോഗസ്ഥനായ സൂരി ഓസ്‌ട്രേലിയയിലെ ഹൈക്കമ്മീഷണറുമായിരുന്ന സമയത്താണ് 2016 ഒക്ടോബറില്‍ യു എ ഇ യുടെ സ്ഥാനപതിയായി വരുന്നത്. മുന്‍പ് ഈജിപ്തില്‍ ഇന്ത്യന്‍ സ്ഥാനപതിയും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായിരുന്നു. യുഎസ്, യുകെ, സിറിയ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. നയതന്ത്രരംഗത്തു സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ സൂരി ശ്രദ്ധേയനാണ്. 1983 ലാണ് സൂരി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സൂരി അറബി, ഫ്രഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. കൂടാതെ ഇന്ത്യയുടെ ആഫ്രിക്ക നയത്തെക്കുറിച്ചും പൊതു നയതന്ത്രത്തെക്കുറിച്ചും ഐടി ഔട്ട്‌സോഴ്‌സിംഗ് വ്യവസായത്തെക്കുറിച്ചും, മുത്തച്ഛനായ നാനക് സിങ്ങിന്റെ ക്ലാസിക് പഞ്ചാബി നോവലുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതവണ യുഎഇ സന്ദര്‍ശിച്ചതും സൂരിയുടെ ഭരണകാലത്താണ്. ഭാര്യ മണി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്, ഇപ്പോള്‍ ഗ്രാഫിക് ഡിസൈനറും പോട്ടറുമാണ്. ഇവര്‍ക്ക് രണ്ട് പെണ്‍ മക്കളാണ് ഒരാള്‍ പത്രപ്രവര്‍ത്തകയും മറ്റൊരാള്‍ പരിസ്ഥിതി പ്രവര്‍ത്തകയുമാണ്. പുതിയ സ്ഥാനപതി പവന്‍ കപൂര്‍ ഒക്ടോബര്‍ 25 ചുമതലയേല്‍ക്കും.