കാപ്പന്റെ സ്ഥാനാര്‍ഥിത്വം; ദേശീയ സമതി അംഗമടക്കം 42 പേര്‍ എന്‍ സി പി വിട്ടു

Posted on: September 15, 2019 7:42 pm | Last updated: September 16, 2019 at 9:17 am

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനെ മത്സരിപ്പിച്ചതിനെതിരെ എന്‍ സി പി കോട്ടയം ജില്ല കമ്മിറ്റിയില്‍ കൂട്ട രാജി. ഉഴവൂര്‍ വിജയന്‍ പക്ഷത്തുണ്ടായിരുന്ന 42 പേരാണ് പാര്‍ട്ടി വിട്ടത്. ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളി ഉള്‍പ്പടെയുള്ളവരാണ് രാജിവെച്ചത്. ഇവര്‍ പ്രത്യേകം യോഗം ചേരുകയും ചെയ്തു.മാണി സി കാപ്പന് ഇത്തവണയും വിജയ സാധ്യതയില്ലെന്നാണ് ഇവരുടെ വാദം.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എന്‍ സി പി കോട്ടയം ജില്ല കമ്മിറ്റിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കാപ്പനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കരുത് എന്നാവശ്യപ്പെട്ട് മറുവിഭാഗം ദേശീയ നേതൃത്വത്തെ വരെ സമീപിച്ചിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് പാലായില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. അതേ സമയം 42 പേരേയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതാണെന്നാണ് ഇത് സംബന്ധിച്ച് എന്‍സിപി നേതൃത്വത്തിന്റെ പ്രതികരണം