Connect with us

International

ഡ്രോണ്‍ ആക്രമണം: സഊദി അരാംകോയിലെ എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തി; ഇന്ത്യയില്‍ എണ്ണ വില ഉയര്‍ന്നേക്കും

Published

|

Last Updated

റിയാദ്: സൗദി അരാംകോയ്ക്ക് നേരെ ശനിയാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില ഉയരാന്‍ കാരണമാകുമെന്ന് സൂചന. ഡ്രോണ്‍ ആക്രമണമുണ്ടായ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റുകളില്‍നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചിരിക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചുമുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എണ്ണ വില കുതിക്കും.

ഡ്രോണ്‍ ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ അരാംകോ ഇപ്പോഴും കണക്കാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ് ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്ലാന്റിനുണ്ടായ കേടുപാടുകള്‍ വലിയ തോതില്‍ ഉത്പാദനം കുറയ്ക്കും. ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. അപകടത്തോടെ, അഞ്ചു ദശലക്ഷം ബാരലിന്റെ കുറവ് വരുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിലേക്കായിരിക്കും ഇത് നയിക്കുക.

ശനിയാഴ്ച പുലര്‍ച്ചെ 3.31നും 3.42നുമാണ് അബ്‌ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് വന്‍ സ്‌ഫോടനവും തീപിടുത്തവുമുണ്ടായി. രണ്ടിടങ്ങളിലും ആളപായമില്ലെന്ന് അരാംകോ സിഇഒ അമിന്‍ നാസര്‍ വിശദീകരിച്ചു.

Latest