ഗോദാവരിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 11 മരണം; നിരവധി പേരെ കാണാതായി

Posted on: September 15, 2019 4:08 pm | Last updated: September 16, 2019 at 9:56 am

അമരാവതി: ആന്ധ്ര പ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 24 പേരെ രക്ഷപ്പെടുത്തി. അതേ സമയം നിരവധി പേരെ കാണാതായിട്ടുണ്ട്. 11 ജീവനക്കാര്‍ ഉള്‍പ്പടെ 61 പേര്‍ സഞ്ചരിച്ചിരുന്ന, ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പേഷന്റെ ബോട്ടാണ് മറിഞ്ഞത്.  കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവമുണ്ടായത്.

ദേവപട്ടണത്തിനു സമീപത്തെ ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പാപ്പികൊണ്ടാലുവിലേക്ക് പോവുകയായിരുന്നു ബോട്ട്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടന്നുവരികയാണ്. അപകടത്തിനുള്ള കാരണം അറിവായിട്ടില്ലെന്ന് ജില്ലാ പോലീസ് തലവന്‍ അദ്‌നാന്‍ നയീം അസ്മി പറഞ്ഞു. ഗോദാവരി നദിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളുടേയും ലൈസന്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.