മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ക്രെഡായ്

Posted on: September 15, 2019 3:21 pm | Last updated: September 15, 2019 at 10:06 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടു. പത്തു വര്‍ഷത്തോളമായി ഫ്‌ളാറ്റ് ഉടമകള്‍ നികുതി അടയ്ക്കുന്ന സാഹചര്യത്തില്‍ നിയമ വിധേയമായാണ് നിര്‍മാണം നടന്നതെന്ന് സുപ്രീം കോടതിയെ അറിയിക്കണമെന്നും ക്രെഡായ് വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി രാഷ്ട്രപതിയെ സമീപിക്കും.

തീരദേശ നിയന്ത്രണ മേഖലാ നിയമത്തിന്റെ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലമായതു കൊണ്ട് ഫ്‌ളാറ്റുകള്‍ ചട്ടം ലംഘിച്ചല്ല നിര്‍മിച്ചിരിക്കുന്നത്. ഇതും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളുമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തണം. രജിസ്‌ട്രേഷന്‍ നടത്തുന്ന സമയത്തും നികുതി സ്വീകരിക്കുന്ന ഘട്ടത്തിലും നിയമലംഘനം നടത്തിയതായി അധികൃതര്‍ പറഞ്ഞിട്ടില്ലെന്നും ക്രെഡായ് വ്യക്തമാക്കി. മരടിലെ ഫ്‌ളാറ്റ് വിഷയം സംസ്ഥാനത്തെ ഭൂമി ഇടപാടുകളില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ക്രെഡായ് വക്താക്കള്‍ പറഞ്ഞു.