Connect with us

Eranakulam

മരട്: ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ പിന്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 17ന് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ ഇടപെടല്‍. യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന്റെയും ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വിവിധ രാഷ്ട്രീയ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ കൂടിയാണ് യോഗം. രാഷ്ട്രീയ കക്ഷികളു അഭിപ്രായമറിഞ്ഞ ശേഷം തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നഗരസഭ തുടര്‍ നടപടികളിലേക്ക് കടക്കും. തങ്ങളെ കുടിയൊഴിപ്പിക്കുന്ന വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ രാഷ്ട്രപതി, പ്രധാന മന്ത്രി, സംസ്ഥാന ഗവര്‍ണര്‍ എന്നിവര്‍ക്ക് സങ്കട ഹരജി നല്‍കിയിരുന്നു. അവര്‍ ഇടപെടുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. നോട്ടീസിനെതിരെ കോടതിയില്‍ ഹരജി നല്‍കാനും ആലോചിക്കുന്നുണ്ട്.

ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചുകൊണ്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ മരട് നഗരസഭക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനിടെ, ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങള്‍ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങി. കെട്ടിടം നിര്‍മാതാക്കള്‍ കൈയൊഴിഞ്ഞാലും ഫ്‌ളാറ്റുകള്‍ വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമകള്‍.

 

Latest