തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി

Posted on: September 15, 2019 10:02 am | Last updated: September 15, 2019 at 11:33 am

കൊച്ചി: ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലാവുകയും പിന്നീട് കോടതി ജാമ്യം നല്‍കുകയും ചെയ്ത ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. ദുബൈയില്‍ നിന്ന് ദുബൈ എമിറേറ്റ്‌സ് വിമാനത്തിലെത്തിയ തുഷാറിനെ സ്വീകരിക്കാന്‍ ബി ഡി ജെ എസ്, ബി ജെ പി നേതാക്കള്‍ കൊച്ചിയിലെത്തി. മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ തുഷാറിനെ സ്വീകരിച്ചത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ല നല്‍കിയ ചെക്ക് കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബിസിനസ് പങ്കാളിക്ക് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം (19 കോടി രൂപ) വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു കേസ്. ആഗസ്റ്റ് 21ന് രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പരാതിക്കാരന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ വാദം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കി അജ്മാന്‍ കോടതി കേസ് തള്ളുകയായിരുന്നു. ഇതോടെ ജാമ്യത്തിനായി കണ്ടുകെട്ടിയിരുന്ന പാസ്പോര്‍ട്ട് തുഷാറിന് തിരികെ ലഭിച്ചു.