Connect with us

Eranakulam

ഫ്‌ളാറ്റ് വിഷയത്തില്‍ മൂന്നിന പരിഹാര നിര്‍ദേശം മുന്നോട്ടുവച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്‌ളാറ്റുടമകളുടെ പക്ഷം കേള്‍ക്കാന്‍ തയാറാവുക, പൊളിക്കല്‍ ഒഴിവാക്കാനായില്ലെങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ പ്രശ്‌ന പരിഹാര നിര്‍ദേശങ്ങളും ചെന്നിത്തല മുന്നോട്ടു വച്ചു. നിര്‍ദേശങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ട്. ഫ്‌ളാറ്റുടമകളുമായി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവന്‍ സമ്പാദ്യവും സ്വരൂപിച്ച് ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.