കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം; 18ന് നടക്കുന്ന യു ഡി എഫ് പൊതു സമ്മേളനത്തില്‍ ജോസഫ് പങ്കെടുക്കും

Posted on: September 15, 2019 10:48 am | Last updated: September 15, 2019 at 7:48 pm

പാല: പാലായില്‍ കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നതിന്റെ സൂചന നല്‍കി പി ജെ ജോസഫ്. ഈമാസം പതിനെട്ടിന് പാലയില്‍ സംഘടിപ്പിക്കുന്ന യു ഡി എഫ് പൊതു സമ്മേളനത്തില്‍ ജോസഫ് പങ്കെടുക്കും. തിരഞ്ഞെടുപ്പ് കഴിയും വരെ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന ഉറപ്പ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് യു ഡി എഫ് നേതൃത്വം വ്യക്തമാക്കുന്നത്. അഭിപ്രായ ഭിന്നത മറന്ന് യു ഡി എഫ് നേതൃയോഗത്തില്‍ ജോസ് കെ മാണിയും ജോസഫും ഒരുമിച്ച് പങ്കെടുത്തത് ഇതിന് തെളിവായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പി ജെ ജോസഫും പറഞ്ഞു. ഭരണങ്ങാനത്ത് ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി. എ കെ ആന്റണിയാണ് പതിനെട്ടിനു നടക്കുന്ന യു ഡി എഫ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക.