Connect with us

Eranakulam

മരട്: ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Published

|

Last Updated

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഫ്‌ളാറ്റുകള്‍ ഈമാസം 20 നകം പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരം നഗരസഭ നല്‍കിയ നോട്ടീസില്‍ ഇന്നലെ വരെയായിരുന്നു ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി. ഈമാസം 10നാണ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍, പുറപ്പെടുവിപ്പിച്ച തീയതിക്ക് ശേഷമാണ് നോട്ടീസ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് വിതരണം ചെയ്തത് എന്നതിനാലാണ് ഒരു ദിവസം നീട്ടിനല്‍കിയത്.

സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നഗരസഭ തുടര്‍ നടപടികളിലേക്ക് കടക്കും. തങ്ങളെ കുടിയൊഴിപ്പിക്കുന്ന വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ രാഷ്ട്രപതി, പ്രധാന മന്ത്രി, സംസ്ഥാന ഗവര്‍ണര്‍ എന്നിവര്‍ക്ക് സങ്കട ഹരജി നല്‍കിയിരുന്നു. അവര്‍ ഇടപെടുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. നോട്ടീസിനെതിരെ കോടതിയില്‍ ഹരജി നല്‍കാനും ആലോചിക്കുന്നുണ്ട്.

ഫ്ളാറ്റുടമകളുടെ പരാതിയില്‍ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും എങ്ങനെ ഇടപെടുമെന്ന കാര്യം പിന്നീടു പറയാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ എങ്ങനെയാകും ഇടപെടലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു ഇന്‍സ്പെക്ടര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്റെ ജോലി. പകരം ഒരു മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. നിയമ പരിധിക്കുള്ളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികളെടുക്കാമെന്നാണു ഗവര്‍ണറുടെ നിലപാട്.

 

Latest