അമിത് ഷായുടെ ഹിന്ദി ഭാഷാവാദം; തെക്കേ ഇന്ത്യയില്‍ പ്രതിഷേധ തിരയിളക്കം

Posted on: September 14, 2019 10:33 pm | Last updated: September 15, 2019 at 9:22 am

ചെന്നൈ/ബെംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന അജന്‍ഡ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി തമിഴ്‌നാടും കര്‍ണാടകയും. രാജ്യത്തെ ഒരുമിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് അതെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ദ്രാവിഡ ഭാഷയുടെ അഭിമാനം സംരക്ഷിക്കാന്‍ വീണ്ടും പോരാട്ടത്തിനിറങ്ങാന്‍ മടിയില്ലെന്ന് തമിഴ്‌സംഘടനകള്‍ പറയുന്നു.

ഹിന്ദി ഒരു ദേശീയ ഭാഷയാണെന്ന നുണ അവസാനിപ്പിക്കണമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ‘ഹിന്ദി ദിവാസ്’ ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്നാണ് കന്നഡ ദിവാസ് ആഘോഷിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചോദിച്ചു. കര്‍ണാടകയും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഭരണ, പ്രതിപക്ഷ വിത്യാസമില്ലാതെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇന്ത്യയാണ് ഹിന്ദ്യ’യല്ലെന്നായിരുന്നു ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിന്റെ പ്രതികരണം. വീണ്ടും ഒരു ഭാഷാ സമരത്തിന് ഇറങ്ങാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തെ പരസ്പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുകയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുകയെന്നതിലൂടെ നടപ്പിലാകുകയെന്ന് എം ഡി എം കെ ജനറല്‍ സെക്രട്ടറി വൈകോ പറഞ്ഞു. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ യൂണിയനില്‍ അവശേഷിക്കുക ഹിന്ദി സംസാരിക്കുന്ന രാജ്യങ്ങള്‍ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദ്വിഭാഷാ ഫോര്‍മുലയാണ് തമിഴ്‌നാട് അംഗീകരിച്ചിട്ടുള്ളതെന്ന് മുതര്‍ന്ന എ ഡി എം കെ നേതാവും വിദ്യാഭ്യാസമന്ത്രിയുമായ കെ എം സെങ്കോട്ടന്‍ പ്രതികരിച്ചു. സി എന്‍ അണ്ണാദുരൈയുടെ കാലും മുതല്‍ ഇതാണ് നയമെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാറിന് ഹിന്ദി അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സാംസ്‌കാരിക മന്ത്രി മഫോയ് കെ പാണ്ഡ്യരാജന്‍ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനക്കെതിരായ തമിഴ്‌നാടിന്റെ പ്രതിഷേധം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ ജയകുമാര്‍ പറഞ്ഞു.വിഭജനത്തിന്റെ വിത്ത്പാകാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നായിരുന്നു എന്‍ ഡി എ ഘടകക്ഷിയായ പി എം കെ യുടെ പ്രസിഡന്റ് എസ് രാമദാസിന്റെ പ്രതികരണം.

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആര്‍ എസ് എസ് അജന്‍ഡയുമായി അമിത് ഷാ എത്തിയിരിക്കുകയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി കുറ്റപ്പെടുത്തി. അതിനിടെ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് പുറമെ കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. കന്നഡ സംഘടനയായ രണധീര പാഡെ പ്രവര്‍ത്തകരാണ് ബെഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.