മുന്‍ ഭരണാധികാരിയുടെ കൊട്ടാരത്തിലെ സ്വര്‍ണ ക്ലോസറ്റ് അടിച്ചുമാറ്റി

Posted on: September 14, 2019 9:04 pm | Last updated: September 15, 2019 at 3:21 pm

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബ്രട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊട്ടാരത്തില്‍ നടന്ന പ്രദര്‍ശനത്തിനിടെ സ്വര്‍ണ ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡ്ഷയറിലുള്ള ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രദര്‍ശനത്തിനിടെയാണ് ്18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. എന്നും അടച്ച്പൂട്ടി സംരക്ഷിക്കുന്ന കൊട്ടാരം കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4.57 നാണ് തേംസ് വാലി പോലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66 കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജെസ്സ് മില്‍നെ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണ്. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും രണ്ട് വാഹനങ്ങളിലായാണ് പ്രതികളെത്തിയതെന്നും അദ്ദേഹം പറഞ്ഞു.