തരൂരിനേയും വീരപ്പ മൊയ്‌ലിയേയും കേന്ദ്രം ‘വെട്ടി’; പാര്‍ലിമെന്റിലെ സുപ്രധാന പദവികള്‍ കൈയടക്കി ബി ജെ പി

Posted on: September 14, 2019 7:12 pm | Last updated: September 15, 2019 at 10:02 am

ന്യൂഡല്‍ഹി:  ധനകാര്യ, വിദേശകാര്യ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്നും
കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി. പകരം ബി ജെ പി നേതാക്കളെ നിയമിച്ചു. ധനകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വീരപ്പമൊയ്‌ലിയേയും വിദേശകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി തരൂരിനേയുമാണ് നീക്കിയത്.

ജയന്ത് സിന്‍ഹയാണ് പുതിയ ധനകാര്യ സമിതി ചെയര്‍മാന്‍. വിദേശ കാര്യ സമിതിയുടെ ചെയര്‍മാനായി പി പി ചൗധരിക്കും അവസരം നല്‍കി.

വിദേശകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചരിത്രത്തില്‍ വിദേശ കാര്യസമിതിക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ എം പിയാണെന്നും ഈ നീക്കം ഭയപ്പെടുത്തുന്നുവെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ശശീ തരൂര്‍ ഇനി വിവര സാങ്കേതിക വിദ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നയിക്കും. രാഹുല്‍ ഗാന്ധിയെയും പദവിയില്‍ നിന്നു മാറ്റി. അദ്ദേഹത്തെ വിദേശ കാര്യ പാര്‍ലമെന്ററി സമിതിയില്‍ നിന്നും പ്രതിരോധ സമിതിയിലേക്കാണ് മാറ്റിയത്.

അതിനിടെ സുപ്രധാന പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെല്ലാം പിടിച്ചടക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു.