പ്രളയദുരിതാശ്വാസം: മലപ്പുറം ജില്ലയില്‍ 9.95 കോടി രൂപ വിതരണം ചെയ്തു

Posted on: September 14, 2019 4:51 pm | Last updated: September 14, 2019 at 4:51 pm

മലപ്പുറം: ഈ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മലപ്പുറം ജില്ലയില്‍ ഇതിനകം 9.95 കോടി രൂപ വിതരണം ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം 15 കുടുംബങ്ങള്‍ക്കായി 60 ലക്ഷം രൂപ ധനസഹായം നല്‍കി. അടിയന്തര ദുരിതാശ്വാസമായി പതിനായിരം രൂപ വീതം 9354 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്തു. തിരൂരങ്ങാടി 2386, തിരൂര്‍ 2359, ഏറനാട് 2218, കൊണ്ടോട്ടി 1244, പൊന്നാനി ഇനി 856, പെരിന്തല്‍മണ്ണ 291 എന്നിങ്ങനെയാണ് അടിയന്തര സഹായം വിതരണം ചെയ്തതെന്ന് കലക്ടര്‍ അറിയിച്ചു.

ഇതുകൂടാതെ കവളപ്പാറയില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുള്ളതാണ്. തുടര്‍ച്ചയായ അവധിദിനങ്ങള്‍ കാരണമാണ് അവ അക്കൗണ്ടുകളില്‍ എത്താതിരുന്നത്. അടുത്ത പ്രവര്‍ത്തി ദിവസമായ തിങ്കളാഴ്ച തന്നെ തുക മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാനാവും. ബാക്കിയുള്ളവയില്‍ അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അത് ലഭ്യമാക്കി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അടിയന്തര ധനസഹായം 10,000 രൂപ നിലമ്പൂര്‍ താലൂക്കിലെ 1541 പേര്‍ക്ക് അടക്കം 1547 പേര്‍ക്ക് കൂടി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളില്‍ എത്തും.

ആദ്യഘട്ടമായി ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കാണ് അടിയന്തര സഹായം അനുവദിക്കുന്നത്. മലപ്പുറം ജില്ലയില്‍ ക്യാമ്പുകളില്‍ ഉണ്ടായിരുന്നത് 19,392 കുടുംബങ്ങളാണ്. അതില്‍ ഇതില്‍ 10,901 പേര്‍ക്കും അടിയന്തര സഹായം അനുവദിച്ചു കഴിഞ്ഞു. പേര്, ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസിസി കോഡ് എന്നിവ നല്‍കിയിട്ടുള്ളവര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ക്യാമ്പുകളില്‍ താമസിച്ചിരുന്നവരില്‍ ഇതിനകം ഈ വിവരങ്ങള്‍ നല്‍കാത്തവര്‍ എത്രയും പെട്ടെന്ന് അവ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ എത്തിക്കണം.

ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചവരുടെ വിവരങ്ങള്‍ ഫീല്‍ഡ് പരിശോധനയില്‍ ശേഖരിച്ചതിനുശേഷം മാത്രമേ അടിയന്തര സഹായം അനുവദിക്കൂ. ഇതുപോലെതന്നെ ഭവനനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനും പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫീല്‍ഡ് പരിശോധന ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനകം ജില്ലയില്‍ 21,124 വീടുകളുടെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു.

വില്ലേജ് ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍, ഓവര്‍സിയര്‍/എഞ്ചിനീയര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ നാലംഗ സംഘംദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മൊബൈല്‍ ആപ്പിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരത്തിലുള്ള 210 ടീമുകള്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് ഇത്രയധികം വിവരശേഖരണം പൂര്‍ത്തിയാക്കാനായത്. ജില്ലയിലെ വിവരശേഖരണം അടുത്ത യാഴ്ച പൂര്‍ത്തിയാകും. 30 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടം വന്ന വീടുകള്‍ മേല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. മേല്‍ പരിശോധനയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഭവനനാശത്തിനുള്ള നഷ്ടപരിഹാരവും എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.