നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് കേന്ദ്രം; കയറ്റുമതി , പാര്‍പ്പിട മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

Posted on: September 14, 2019 3:56 pm | Last updated: September 14, 2019 at 9:14 pm

ന്യൂഡല്‍ഹി: കയറ്റുമതി മേഖലക്കും പാര്‍പ്പിട മേഖലക്കും ഊന്നല്‍ നല്‍കികൊണ്ട് സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികള്‍ ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. ബേങ്കുകളില്‍നിന്നും കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കും. സെപ്റ്റംബര്‍ 19ന് പൊതുമേഖലാ ബേങ്കുകളുടെമേധാവികളുമായി കൂടിക്കാഴ്ച നടത്തും.

നികുതി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുത്യാരമാക്കും. ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും. ചെറിയ നികുതി ലംഘനങ്ങളെ നിയമനടപടികളില്‍നിന്നും ഒഴിവാക്കും.

കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. 2020 മാര്‍ച്ചില്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവല്‍ നടക്കുകയെന്നും മന്ത്രി പറഞ്ഞു