എന്താണ് ഷിഗല്ല?

Posted on: September 14, 2019 12:50 pm | Last updated: September 14, 2019 at 12:50 pm


വൈറസുകൾ, ബാക്ടീരിയകൾ, പരാദജീവികൾ തുടങ്ങിയ ജൈവാണുക്കൾ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്ത് എത്തുന്നതിലൂടെയാണ് വയറിളക്കം ഉണ്ടാവുന്നത്. അത്തരത്തിലുള്ള വയറിളക്കത്തിന്റെ ഒരു കാരണമാണ് ഷിഗല്ല ബാക്ടീരിയ.

വയറിളക്കം മൂലം ശരീരത്തിൽ നിന്ന് ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശ നഷ്ടവും ലവണ നഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. ഷിഗല്ല ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഷിഗ ടോക്‌സിൻ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാകുകയും ചെയ്യുന്നു.

ഷിഗല്ല ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളിൽ കടന്നാൽ തന്നെ ഈ രോഗാണു ബാധയുടെ സാധ്യത വളരെയധികമാണ്. കുടലിനുള്ളിൽ പ്രവേശിച്ചതിനു ശേഷം കുടലിലെ ശ്ലേഷ്മസ്തരത്തിനുള്ളിലേക്ക് നുഴഞ്ഞുകയറുന്ന ഈ ബാക്ടീരിയകൾ അവിടെ കോശങ്ങൾക്കുള്ളിൽ വെച്ചുതന്നെ പെറ്റുപെരുകുകയും ചില വിഷപദാർഥങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പ്രവർത്തനം കുടലിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ ബാധിക്കുകയും കുടലിലെ സ്തരത്തിന്റെ ഏറ്റവും മുകൾഭാഗം അഴുകി മലത്തോടൊപ്പം പുറത്തേക്ക് പോകുന്നതിനും കാരണമാകുന്നു. രോഗബാധിതരിൽ ബഹുഭൂരിഭാഗവും അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ സ്വാഭാവികമായും രോഗത്തിൽ നിന്ന് രക്ഷ നേടുന്നതാണ്. എന്നാൽ വയറിളക്ക രോഗബാധിതരിൽ പനിയോ, മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയോ വയറുവേദനയോ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.