ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് യുവാവിന് നടുറോഡില്‍ പോലീസിന്റെ ക്രൂരമര്‍ദനം; രണ്ട് പോലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Posted on: September 14, 2019 12:44 pm | Last updated: September 14, 2019 at 7:41 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പോലീസ് പിടികൂടിയ യുവാവിന് നടു റോഡില്‍ ക്രൂര മര്‍ദനം. നേപ്പാള്‍ അതിര്‍ത്തിയിലുള്ള സിദ്ധാര്‍ഥ് നഗറിലായിരുന്നു സംഭവം. റിങ്കു പാണ്ഡെ എന്ന യുവാവിനെ പോലീസുകാര്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ രണ്ട് പോലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്.

രണ്ടു പോലീസുകാര്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും അസഭ്യം പറഞ്ഞു റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. പോലീസ് അതിക്രമത്തില്‍ യുവാവിന്റെ ബന്ധുവായ കുഞ്ഞിനും പരുക്കേറ്റു. ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു നടുറോഡില്‍ വച്ച് പോലീസ് മര്‍ദിക്കുകയായിരുന്നെന്നു യുവാവിന്റെ കുടുംബം പറഞ്ഞു.
നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജയിലിലടയ്ക്കണമെന്നും നടുറോഡിലിട്ടു മര്‍ദിക്കുകയല്ല വേണ്ടതെന്നും യുവാവ് പോലീസിനോടു പറയുന്നതു പുറത്തുവന്ന വീഡിയോവിലുണ്ട്. മര്‍ദനത്തിനു ശേഷം പോലീസുകാര്‍ മോട്ടര്‍ സൈക്കിളിന്റെ താക്കോല്‍ യുവാവിനു നല്‍കി. എന്തുതെറ്റാണു താന്‍ ചെയ്തതെന്നു യുവാവ് പോലീസിനോടു രോഷാകുലനായി ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.