‘രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ വേണം’; ഹിന്ദി ഭാഷാ വാദവുമായി അമിത് ഷാ

Posted on: September 14, 2019 12:09 pm | Last updated: September 14, 2019 at 4:00 pm

ന്യൂഡല്‍ഹി: ഹിന്ദി ഭാഷാവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അമിത് ഷാ ഹിന്ദി ദിവസത്തിനോടനുബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

2019ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കരട് നയത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിറകെയാണ് അമിത് ഷായുടെ ട്വീറ്റ്.