Connect with us

Malappuram

സർക്കാറിനെ പ്രകീർത്തിച്ച് പ്രസംഗം: പി വി അബ്ദുൽ വഹാബിന് ഖേദം

Published

|

Last Updated

എടക്കര: എൽ ഡി എഫ് സർക്കാറിനെ പുകഴ്ത്തി പോത്തുകല്ലിൽ നടത്തിയ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി പി വി അബ്ദുൽ വഹാബ് എം പി രംഗത്തെത്തി. തന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നയനിലപാടുകൾക്ക് എതിരായ പരാമർശങ്ങളിൽ പ്രവർത്തകർക്ക് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും സഹപ്രവർത്തകരുടെ തല കുനിയുന്നതിന് ഞാൻ കാരണമാകില്ലെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
വഹാബിന്റെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ പാർട്ടി പ്രവർത്തകർ രണ്ട് തട്ടിലായിരുന്നു. ഇതേത്തുടർന്നാണ് വഹാബിന്റെ വിശദീകരണം. പ്രളയകാലത്ത് നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചുചേർത്ത് സർക്കാർ നടത്തിയ യോഗത്തിലെ തന്റെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നാണ് വഹാബിന്റെ ആരോപണം. നാടിനെ ഞെട്ടിച്ച വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ജീവനുകൾ പൊലിഞ്ഞതിന്റെ വേദനയിൽ നിന്നും മോചിതരാകാത്ത കുടുംബങ്ങൾക്ക് മുമ്പിൽ അവർക്ക് അൽപ്പമെങ്കിലും പ്രതീക്ഷയും ആശ്വാസവും നൽകാനാണ് ഞാൻ ശ്രമിച്ചത്.

സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. അതേസമയം കഴിഞ്ഞവർഷം പണം കൈയിൽ ഉണ്ടായിട്ടും അത് സമയബന്ധിതമായി ചെലവഴിക്കാനോ ആളുകൾക്ക് എത്തിക്കാനോ സാധിച്ചിട്ടില്ലെന്ന വിമർശവും ഉന്നയിച്ചു. നഷ്ടപരിഹാര തുക ഉടൻ ലഭ്യമാകുമെന്ന് പറഞ്ഞത് ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം വേദിയിലുള്ള സർക്കാർ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തിൽ പതിയാൻ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പ്രിയപ്പെട്ട കെ പി എ മജീദ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്ന് അദ്ദേഹത്തെ പരാമർശിച്ച വാചകം ചിലർ വളച്ചൊടിച്ചു.

ദുരന്തഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാകുന്ന ഏത് പദ്ധതിയോടും സഹകരിച്ച് മുന്നോട്ടുപോകുക എന്നതായിരുന്നു താൻ സ്വീകരിച്ച സമീപനം. അതുകൊണ്ടാണ് റീ ബിൽഡ് നിലമ്പൂർ പദ്ധതിയിൽ എന്നെ ഉൾപ്പെടുത്തിയപ്പോൾ സമ്മതിച്ചതും. ആളുകളിൽ ആശ്വാസം നൽകുന്ന തരത്തിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയ ദുഷ്ടലാക്ക് പ്രവർത്തകർ മനസ്സിലാക്കണം. പിതാവിന്റെ വഴി പിന്തുടർന്നാണ് എം എസ് എഫിൽ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടനാ പ്രവർത്തകനായി തുടർന്നതിനാൽ എനിക്ക് പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കും.

റീ ബിൽഡ് നിലമ്പൂർ അടക്കമുള്ള പദ്ധതികളിൽ പി വി അൻവർ എം എൽ എയോടൊപ്പം എല്ലായ്‌പ്പോഴും വഹാബുമുണ്ടായിരുന്നു. ഇതിൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കടക്കം അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് രാഹുൽഗാന്ധി മണ്ഡലം സന്ദർശിക്കുന്ന സമയത്ത് പി വി അബ്ദുൽ വഹാബ് എം പിയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാതിരുന്നതിന് കാരണമെന്നാണ് കരുതുന്നത്.

വഹാബിനെതിരെ ബഷീറലി തങ്ങൾ

മലപ്പുറം: പാര്‍ട്ടിക്ക് അതീതമായ നിലപാടുകളിലേക്ക് പി വി അബ്ദുല്‍ വഹാബ് പോയിക്കൊണ്ടിരിക്കുകയാണെന്നും വഹാബിന്റെ പ്രസ്താവന ഗൗരവമായി കാണണമെന്നും പാണക്കാട് ബഷീറലി തങ്ങള്‍. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വഹാബിനെതിരെയുള്ള നിലപാടുമായി ബഷീറലി തങ്ങള്‍ രംഗത്തുവന്നത്. റീബില്‍ഡ് നിലമ്പൂരുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ വിശദീകരണ പോസ്റ്റുമായി വഹാബ് രംഗത്തെത്തിയതിനു ശേഷമാണ് ബഷീറലി തങ്ങളുടെ പ്രതികരണം. പാണക്കാട് കുടുംബത്തില്‍നിന്ന് ഇത് മൂന്നാംതവണയാണ് വഹാബിനെതിരെ വിമര്‍ശനമുയരുന്നത്.

Latest