മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി കോടിയേരി എത്തി; സാധ്യമായതെല്ലാം ചെയ്യുമെന്നും കോടിയേരി

Posted on: September 14, 2019 11:52 am | Last updated: September 14, 2019 at 4:00 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകും. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ല. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി മരടിലെ ഫ്‌ളാറ്റ് ഉടമകളെ സന്ദര്‍ശിച്ചശേഷം പറഞ്ഞു.

സുപ്രീം കോടതിയുടെ തീരമാനം അന്തിമവിധിയാണ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധിക്കേണ്ടത്. ഫ്‌ളാറ്റ് ഉടമസ്ഥര്‍ക്കു പറയാനുള്ളത് കോടതി കേട്ടില്ല. അവര്‍ക്കു നീതി നിഷേധിക്കപ്പെട്ടു. സാധാരണ രീതിയില്‍ സുപ്രീം കോടതിയില്‍നിന്നു ഉണ്ടായിട്ടുള്ള നടപടിയല്ല ഇത്.

എല്ലാ നടപടിയും കഴിഞ്ഞ് ഫ്‌ളാറ്റ്വാങ്ങി അവിടെ താമസിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതു വിചിത്രമായ കാര്യമാണ്. സുപ്രീം കോടതി ഇതില്‍ ഒരു കമ്മിറ്റി വച്ചു. കമ്മിറ്റി ബില്‍ഡേഴ്‌സിന്റെ അഭിപ്രായം മാത്രമാണു കേട്ടതെന്നും കോടിയേരി ആരോപിച്ചു.