Connect with us

Editorial

ട്രാഫിക് നിയമ ലംഘനവും പിഴത്തുകയും

Published

|

Last Updated

ഗതാഗത നിയമ ലംഘനത്തിന് പിഴത്തുകയില്‍ വന്‍ വര്‍ധന പ്രഖ്യാപിച്ച് കേന്ദ്രവും നടപ്പാക്കി ചില സംസ്ഥാനങ്ങളും പൊല്ലാപ്പിലായിരിക്കുകയാണ്. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പല നിയമ ലംഘനങ്ങള്‍ക്കും നേരത്തേയുണ്ടായിരുന്ന പിഴയുടെ പത്തിരട്ടിയോളമാണ് സെപ്തംബര്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ചത്. ബി ജെ പി ഭരിക്കുന്ന ഗുജറാത്തില്‍ ഇത്രയും ഉയര്‍ന്ന പിഴ നടപ്പാക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് 50 മുതല്‍ 90 ശതമാനം വരെ വെട്ടിക്കുറച്ചു. തമിഴ്‌നാട് സര്‍ക്കാറും കുറക്കാനുള്ള തീരുമാനത്തിലാണ്. ബി ജെ പി അധീന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ബീഹാര്‍, ഗോവ, കര്‍ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയവയും പിഴ കുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് കാരണം കേരളവും വര്‍ധന നടപ്പാക്കുന്നത് തത്കാലം നിര്‍ത്തി വെച്ചു. പശ്ചിമ ബംഗാള്‍, കോണ്‍ഗ്രസ് ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പുതിയ നിയമം നടപ്പാക്കില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പിഴത്തുകയില്‍ കടുംപിടിത്തം ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.

പിഴത്തുക വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പാക്കാന്‍ തിടുക്കം കാണിച്ച കേരളവുമിപ്പോള്‍ അത് വെട്ടിക്കുറക്കുന്നതിനുള്ള തീരുമാനത്തിലാണ.് ഏതൊക്കെ നിയമ ലംഘനങ്ങള്‍ക്ക് എത്രത്തോളം പിഴ കുറക്കാനാകുമെന്നതിനെക്കുറിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അവലംബിച്ച രീതി പഠിക്കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത കമ്മീഷണര്‍മാരുമായി സംസ്ഥാനം ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയുടെ പിഴ കുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ഉപയോഗിക്കാതെ വാഹനം ഓടിക്കല്‍, ലൈസന്‍സില്ലാതെ ഓടിക്കല്‍, അമിതഭാരം കയറ്റല്‍ തുടങ്ങിയവയുടെ പിഴയില്‍ ഇളവ് വന്നേക്കും. പിഴത്തുക സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര ഉത്തരവ് കിട്ടുന്ന മുറക്ക് തുടര്‍ നടപടി സ്വീകരിക്കും. അതുവരെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴ ഈടാക്കില്ല.

ബോധവത്കരണം തുടരും. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ കേസെടുത്ത് നോട്ടീസ് നല്‍കും. ഇതുസംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നുള്ള അന്തിമ തീരുമാനം വന്ന ശേഷമേ തുടര്‍ നടപടി സ്വീകരിക്കുകയുള്ളൂ.
പിഴത്തുക വര്‍ധിച്ചതിലല്ല സംസ്ഥാന സര്‍ക്കാറുകള്‍ക്കും ജനങ്ങള്‍ക്കും എതിര്‍പ്പ്. മൂന്ന് പതിറ്റാണ്ട് മുമ്പത്തേതാണ് നിലവിലെ പിഴത്തുക. അതിന് ശേഷം നിത്യോപയോഗ സാധനങ്ങള്‍, രോഗ ചികിത്സ തുടങ്ങി ജന ജീവിതവുമായി ബന്ധപ്പെട്ട സര്‍വ മേഖലകളിലും ചെലവേറി. രൂപയുടെ മൂല്യം അന്നത്തെ അപേക്ഷിച്ച് വന്‍ തോതില്‍ ഇടിഞ്ഞു. നൂറ് രൂപ പിഴത്തുകക്ക് സമൂഹത്തില്‍ ഒരു വിലയുമില്ല. രാജ്യത്ത് റോഡപകടങ്ങളും അതേ തുടര്‍ന്നുള്ള മരണങ്ങളും വര്‍ഷം തോറും കൂടി വരികയുമാണ്. വാഹനാപകടങ്ങളുടെ ദുഃഖ വാര്‍ത്തകള്‍ കേള്‍ക്കാതെ ഒരു പ്രഭാതവും പുലരുന്നില്ല. പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഒരു വര്‍ഷം പത്ത് ലക്ഷത്തിലേറെ റോഡപകടങ്ങള്‍ ഉണ്ടാകുന്നു. രണ്ട് ലക്ഷത്തോളം പേരാണ് അതില്‍ മരിക്കുന്നത്. ഗുരുതരമായ പരുക്കേറ്റ് കിടക്കുന്നത് അതിലേറെ. അപകടങ്ങളില്‍ നല്ലൊരു പങ്കും ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യപിച്ചുള്ള ഡ്രൈവിംഗും കാരണമാണ്. ഇത് പരിഹരിക്കണമെങ്കില്‍ കനത്ത തുകയോ മറ്റു ശിക്ഷകളോ ആവശ്യവുമാണ്.

എങ്കിലും ഒറ്റയടിക്ക് ഇത്രയും വര്‍ധിപ്പിക്കരുതെന്നാണ് പൊതുവായ അഭിപ്രായം. ആ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. തുക വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാറാണെങ്കിലും നടപ്പാക്കുന്നത് സംസ്ഥാനങ്ങളായതിനാല്‍ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇരയാകുന്നത് സംസ്ഥാന ഭരണകൂടങ്ങളാണ്. മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഉത്തരവ് അപ്പടി നടപ്പാക്കാന്‍ വിസമ്മതിക്കുന്നത് ഇതുകൊണ്ടാണ്.
ഡ്രൈവിംഗിലെ തകരാറുകള്‍ക്ക് പുറമെ വേറെയും കാരണങ്ങളുണ്ട് വാഹനാപകടങ്ങളുടെ പെരുപ്പത്തിന്. റോഡിന്റെ ശോച്യാവസ്ഥ, കാലപ്പഴക്കമുള്‍പ്പെടെ വാഹനങ്ങളുടെ തകരാറുകള്‍, സിഗ്‌നലിന്റെയും ഡ്രൈനേജിന്റെയും കുഴപ്പങ്ങള്‍, മോശമായ കാലാവസ്ഥ, കാല്‍നട യാത്രക്കാരുടെ അശ്രദ്ധ തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. റോഡ് ഗതാഗത അതോറിറ്റി വാഹനാപകടങ്ങളെക്കുറിച്ച് 2014ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം റോഡിന്റെ മോശമായ അവസ്ഥ കാരണം മാത്രം 75,000 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ പല പ്രധാന റോഡുകളും കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്ര പോലും ദുഷ്‌കരമായ അവസ്ഥയിലാണുള്ളത്. കൊടും വളവുകളുമായി അപകട മേഖലകളും റോഡുകളില്‍ ധാരാളമുണ്ട്. വാഹന നികുതി കൃത്യമായി ഈടാക്കുന്ന ഭരണകൂടങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ബൈപാസുകളും ഫ്‌ളൈ ഓവറുകളും നിര്‍മിച്ച് റോഡുകളിലെ അപകട മേഖലകള്‍ കുറക്കാന്‍ ഇതിനിടെ കേന്ദ്ര ഗതാഗത വകുപ്പ് 20,000 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നുവെങ്കിലും ഇതുവരെയും പ്രായോഗിക തലത്തിലേക്ക് കടന്നിട്ടില്ല. ഇക്കാര്യത്തിലും അടിയന്തര നടപടികളുണ്ടാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest