നോട്ട് നിരോധനം; വിപത്ത്‌ ഊഴം കാത്തിരിക്കുന്നു

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലം സാമ്പത്തിക മാന്ദ്യമായിരുന്നു. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ നടപ്പാക്കിയ ഏറ്റവും ധീരമായ നടപടിയെന്ന് പറഞ്ഞാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86.4 ശതമാനവും അസാധുവാക്കിയത്. ഇത് അതിരൂക്ഷമായ കറന്‍സി ക്ഷാമം ഉണ്ടാക്കുകയും എല്ലാവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മന്ദീഭവിപ്പിക്കുകയും ചെയ്തു. അസംഘടിത മേഖല, ചെറുകിട വ്യവസായ മേഖല, കാര്‍ഷിക മേഖല എന്നിവയുടെ അടിത്തറ തന്നെ ഈ നടപടി തകര്‍ത്തു. ഈ തകര്‍ച്ചയില്‍ നിന്ന് ഈ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നികുതി പരിഷ്‌കാരമെന്ന് പറഞ്ഞ് നടപ്പാക്കിയ ജി എസ് ടിയെ കുറിച്ചുള്ള അവകാശവാദങ്ങളൊന്നും യാഥാര്‍ഥ്യമായില്ല. നോട്ട് നിരോധനം മൂലം മാന്ദ്യത്തിലായ സമ്പദ്ഘടനയെ കൂടുതല്‍ മാന്ദ്യത്തിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും ഉത്പാദന, കച്ചവട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ദുരിതത്തിലേക്കും നയിച്ചു. രൂപയുടെ മൂല്യമിടിയുന്നത് തുടരുന്ന പക്ഷം, വരും ദിവസങ്ങളില്‍ വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഓഹരി വിപണിയിലും കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ജി ഡി പി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Posted on: September 14, 2019 10:34 am | Last updated: September 14, 2019 at 10:34 am

രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിനു കാരണം നോട്ട് നിരോധനം തന്നെയാണെന്ന് ഒടുവില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തന്നെ തുറന്ന് സമ്മതിച്ചിരിക്കുന്നു. നോട്ട് നിരോധനം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ഈ യാഥാര്‍ഥ്യം ഇപ്പോഴെങ്കിലും തുറന്നു പറയാന്‍ ആര്‍ ബി ഐ തയ്യാറായത് എന്തുകൊണ്ടും നന്നായി.

ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് കാണിക്കുന്ന ആര്‍ ബി ഐ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. 2016ലെ നോട്ട് നിരോധനത്തിനു ശേഷം ഉപഭോക്തൃ വായ്പകള്‍ കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷവും ഉപഭോക്തൃ വായ്പയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ഓട്ടോമൊബൈല്‍ കമ്പനികളും രംഗത്തെത്തി. ഓട്ടോമൊബൈല്‍ അടക്കം വ്യവസായ മേഖലകളിലെ പ്രമുഖരെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണം നോട്ട് നിരോധനം തന്നെയാണെന്ന് ഇപ്പോള്‍ തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്. വ്യവസായ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വരണമെന്നാണ് ഇക്കൂട്ടരെല്ലാം ആവശ്യപ്പെടുന്നത്.

എന്തെങ്കിലും ചെപ്പടി വിദ്യകള്‍ കാണിച്ച് സങ്കീര്‍ണമായ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനമെടുത്ത് അത്യാവശ്യ ചെലവുകള്‍ നിര്‍വഹിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒടുവില്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് വിത്തെടുത്ത് തിന്നുന്നതിന് സമാനമായ ഒരു നടപടിയാണ്. രാജ്യത്തെ സാമ്പത്തിക കുഴപ്പങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് മാത്രമേ ഇത് സഹായകമാകുകയുള്ളൂ. രൂപക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത വന്‍ വിലയിടിവും ഷെയര്‍ മാര്‍ക്കറ്റിന്റെ തകര്‍ച്ചയുമെല്ലാം ഇന്ത്യന്‍ സമ്പദ്ഘടന ദയനീയമായി കൂപ്പു കുത്തുന്നതിന്റെ നേര്‍ചിത്രം തന്നെയാണ് വരച്ച് കാട്ടുന്നത്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലം സാമ്പത്തിക മാന്ദ്യമായിരുന്നു. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ നടപ്പാക്കിയ ഏറ്റവും ധീരമായ നടപടിയെന്ന് പറഞ്ഞാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86.4 ശതമാനവും അസാധുവാക്കിയത്. 80 ശതമാനം സാമ്പത്തിക കൈമാറ്റങ്ങളും കറന്‍സി ഉപയോഗിച്ച് നടത്തുന്ന ഇന്ത്യയില്‍ ഇത് അതിരൂക്ഷമായ കറന്‍സി ക്ഷാമം ഉണ്ടാക്കുകയും എല്ലാവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മന്ദീഭവിപ്പിക്കുകയും ചെയ്തു. അസംഘടിത മേഖല, ചെറുകിട വ്യവസായ മേഖല, കാര്‍ഷിക മേഖല എന്നിവയുടെ അടിത്തറ തന്നെ ഈ നടപടി തകര്‍ത്തു. ഈ തകര്‍ച്ചയില്‍ നിന്ന് ഈ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. ഈ നടപടി സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുന്നതിന് ഇടയാക്കി. നോട്ട് നിരോധനത്തിന് മുമ്പുള്ള ക്വാര്‍ട്ടറിലെയും ശേഷമുള്ള ക്വാര്‍ട്ടറിലെയും വളര്‍ച്ചാ നിരക്കില്‍ 1.2 ശതമാനം കുറവുണ്ടായി. മാത്രമല്ല ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഇല്ലാതായി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നികുതി പരിഷ്‌കാരമെന്ന് പറഞ്ഞ് നടപ്പാക്കിയ ജി എസ് ടിയെ കുറിച്ചുള്ള അവകാശവാദങ്ങളൊന്നും യാഥാര്‍ഥ്യമായില്ല എന്നതാണ് അനുഭവം. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ കുറവുണ്ടാകുമെന്ന് പറഞ്ഞ സ്ഥാനത്ത് വന്‍വര്‍ധനയാണ് ഉണ്ടായത്. മുമ്പ് അഞ്ച് ശതമാനം വാറ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് 18 ശതമാനം മുതല്‍ 28 ശതമാനം വരെ ജി എസ് ടി ചുമത്താന്‍ തുടങ്ങി. വിലക്കയറ്റം വിപണിയുടെ തകര്‍ച്ചക്കും ഉത്പന്നങ്ങളുടെ സ്റ്റോക്കുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാ ക്കുന്നതിനും ഇടയാക്കി. ചെറുകിട ഉത്പാദകര്‍ക്കും വന്‍കിട ഉത്പാദകര്‍ക്കും ഒരേ നിരക്കില്‍ ജി എസ് ടി നടപ്പാക്കിയത് മൂലം ചെറുകിട സംരംഭങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയിലേക്കും തകര്‍ച്ചയിലേക്കും നീങ്ങി. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പദ്ധതി നികുതി ലളിതമാക്കുന്നതിന് പകരം കൂടുതല്‍ സങ്കീര്‍ണമാക്കി. ജി എസ് ടി നികുതി ഭരണത്തിലെ എല്ലാ രംഗത്തും അനിശ്ചിതത്വവും അവ്യക്തതയും ചിന്താക്കുഴപ്പവും സൃഷ്ടിച്ചു. സുസ്ഥിരമായി നിലനിന്ന ഇന്ത്യയിലെ കണ്‍സ്യൂമര്‍ വിപണിയെ ഇത് രൂക്ഷപ്രതിസന്ധിയിലാക്കി. നോട്ട് നിരോധനം മൂലം മാന്ദ്യത്തിലായ സമ്പദ്ഘടനയെ കൂടുതല്‍ മാന്ദ്യത്തിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും ഉത്പാദന, കച്ചവട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ദുരിതത്തിലേക്കും നയിച്ചു.
രാജ്യത്തെ സാമ്പത്തിക മേഖല അതീവ പ്രതിസന്ധിയിലേക്ക് എന്ന സൂചന നല്‍കി രൂപയുടെ മൂല്യവും ഗണ്യമായി ഇടിയുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.39ല്‍ എത്തി. അഥവാ ഒരു ഡോളര്‍ ലഭിക്കാന്‍ 72.39 രൂപ നല്‍കണം. ഈ വര്‍ഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

രൂപയുടെ മൂല്യമിടിയുന്നത് തുടരുന്ന പക്ഷം, വരും ദിവസങ്ങളില്‍ വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഓഹരി വിപണിയിലും കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ബോംബൈ സ്റ്റോക്ക് എക്‌സ്‌ചെഞ്ച് സൂചികയായ സെന്‍സെക്‌സില്‍ 850 പോയിന്റിന്റെ ഇടിവാണ് ഒറ്റദിവസം രേഖപ്പെടുത്തിയത്.

കഴിഞ്ഞ 11 മാസക്കാലത്തെ ഏറ്റവും കനത്ത തകര്‍ച്ചയാണ് ഓഹരി സൂചികയിലെ നഷ്ടം. ഓഹരി വില്‍പ്പനയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് 2.55 ലക്ഷം കോടിയുടെ നഷ്ടം വരുത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത് ദേശീയ സമ്പദ്ഘടനയിലെ പ്രതിസന്ധിയും യു സ് – വ്യാപാര യുദ്ധത്തിന്റെ കരിനിഴലുമാണ്.

രൂപയുടെ മൂല്യം താഴോട്ട് വരുന്നതിന് അനുസൃതമായി സെന്‍സെക്‌സ് പോയിന്റില്‍ ഇന്ത്യന്‍ കമ്പനികളുടെ ഓഹരി മൂല്യവും ഇടിയുകയായിരുന്നു. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി എന്നീ ബേങ്കിംഗ് മേഖലയിലുള്ള സ്റ്റോക്കുകളിലും ഇടിവ് രേഖപ്പെടുത്തി. 10 പൊതു മേഖലാ ബേങ്കുകള്‍ സംയോജിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് ഓഹരി വിപണിയിലെ ഈ ഇടിവ്. ഇന്ത്യന്‍ ബേങ്ക്, കനറാ ബേങ്ക്, യൂനിയന്‍ ബേങ്ക്, ഓറിയന്റല്‍ ബേങ്ക് എന്നിവയില്‍ 10 മുതല്‍ 12 ശതമാനം വരെ ഇടിവുണ്ടായി. ഓട്ടോമൊബൈല്‍ സെക്ടറിലെ സ്റ്റോക്കുകള്‍ക്കും ആഗസ്റ്റില്‍ വലിയ ഇടിവ് രേഖപ്പെടുത്തി.

രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വില സ്വാഭാവികമായും കുതിക്കും. ഇറക്കുമതി ചെലവുകളില്‍ വന്‍വര്‍ധന ഉണ്ടാകുന്നതാണ് വിലക്കയറ്റത്തിന് കാരണമാകുക.
ജി ഡി പി വളര്‍ച്ചാ നിരക്കിലെ കുറവാണ് രൂപയുടെ മൂല്യം താഴോട്ട് പോകുന്നതിന് ഇടയാക്കിയതെന്നാണ് വിലയിരുത്തുന്നത്. ജി ഡി പി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണ് നേടാനായത്. രാജ്യത്തെ ഫാക്ടറി ഉത്പാദനവും 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നു.

നിലവില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും മൂല്യത്തകര്‍ച്ച നേരിടുന്ന കറന്‍സികളില്‍ ഒന്നാണ് ഇന്ത്യന്‍ രൂപ. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ വിലയില്‍ ഈ വര്‍ഷം മാത്രം 3.5 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഉണ്ടായത്. ആറ് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഡോളറിനെ അപേക്ഷിച്ച് രൂപക്ക് കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഉണ്ടായത്. ഇറക്കുമതി ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സകല മേഖലയെയും ഈ മൂല്യമിടിവ് ബാധിക്കും. ക്രൂഡ് ഓയില്‍ പോലുള്ളവയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇരട്ടി പ്രഹരമാകും സംഭവിക്കുകയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരുനിലയിലും താങ്ങാന്‍ കഴിയാത്ത വിലക്കയറ്റമായിരിക്കും ഇവിടെ ഉണ്ടാകുക.

ഒരു രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണ് ആ രാജ്യത്തിന്റെ നാണയത്തിന്റെ ക്രമാതീതമായ വിലയിടിവ്. യുദ്ധവും അതുപോലുള്ള സാഹചര്യങ്ങളിലുമാണ് സര്‍ക്കാറിന് സമ്പദ്ഘടനയെ നിയന്ത്രിക്കാന്‍ കഴിയാതാകുകയും അതുവഴി നാണയത്തിന്റെ വിലയിടിയാനും അതിന്റെ മൂല്യം കൂപ്പുകുത്താനുമുള്ള സാഹചര്യം ഉണ്ടാകുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങളൊന്നുമില്ലാതെയാണ് ഇവിടെ രൂപയുടെ മൂല്യം ഇടിഞ്ഞു തകര്‍ന്നിരിക്കുന്നത്. ഷെയര്‍മാര്‍ക്കറ്റുകളുടെ തകര്‍ച്ചയുടെ ഉത്തരവാദികളും ഈ സര്‍ക്കാറല്ലാതെ മറ്റാരുമല്ല. ദേശസാത്കൃത ബേങ്കുകളുടെ ലയനത്തോടെ ബേങ്കുകളുടെ ഷെയര്‍വില പോലും കൂപ്പുകുത്തിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള കഴിവ് ഗണ്യമായി കുറയുകയാണ്. അവരുടെ വരുമാനത്തിലെ വന്‍ ഇടിവാണ് ഇതിന് കാരണം. ഓട്ടോമൊബൈല്‍ – കാര്‍ മാര്‍ക്കറ്റുകളിലെയും മറ്റ് ലക്ഷ്വറി സാധനങ്ങളുടെ മാര്‍ക്കറ്റിലെയും മറ്റും മാന്ദ്യത്തിനും, ഇവയുടെ ഷെയര്‍ മാര്‍ക്കറ്റിലെ തകര്‍ച്ചക്കും എല്ലാം അടിസ്ഥാന കാരണം വരുമാനം ഗണ്യമായി ഇടിഞ്ഞ, വാങ്ങല്‍ ശേഷി നഷ്ടപ്പെട്ട രാജ്യത്തെ കോടാനുകോടി സാധാരണക്കാരാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

നോട്ട് നിരോധനം സമ്പദ്ഘടനയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറണമെങ്കില്‍ ഏറ്റവും ശക്തമായ സാമ്പത്തിക പരിഷ്‌കരണ നടപടികളും, ഫലപ്രദമായി ഇത് നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയും ഭരണകൂടത്തിനുണ്ടാകണം. അതിനുള്ള ആര്‍ജവം മോദി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇനിയെങ്കിലും ഉണ്ടാകുമോ എന്നുള്ളതാണ് വളരെ പ്രസക്തമായ ചോദ്യം.
(ലേഖകന്റെ ഫോണ്‍ – 9847132425)