പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരനെ കുത്തിക്കൊന്നു

Posted on: September 14, 2019 9:56 am | Last updated: September 14, 2019 at 12:59 pm

തൃശൂര്‍: മാപ്രാണത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍ (65) ആണു കൊല്ലപ്പെട്ടത്. തിയേറ്ററിനു മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്.

മാപ്രാണം വര്‍ണ തിയേറ്ററിനു സമീപം വെള്ളിയാഴ്ച അര്‍ധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാന്‍ വരുന്നവര്‍ തൊട്ടടുത്ത വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകന്‍ വിനുവും പാര്‍ക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ തിയേറ്റര്‍ നടത്തിപ്പുകാരനും 3 ജീവനക്കാരും ചേര്‍ന്ന് വീട്ടില്‍ കയറി രാജനെ അക്രമിക്കുകയായിരുന്നു.രാജന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകന്‍ വിനുവിന് ബിയര്‍ കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു. സംഭവത്തിനു ശേഷം തിയേറ്റര്‍ നടത്തിപ്പുകാര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി