Connect with us

National

സോഷ്യല്‍ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കല്‍: ഉടന്‍ നിലപട് അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ഉടന്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുമായി എന്തെങ്കിലും നയം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോയെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബഞ്ച് സര്‍ക്കാറിനോട് ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ സെപ്റ്റംബര്‍ 24 ന് കോടതി വീണ്ടും വാദം കേള്‍ക്കും.

വിവിധ ഹൈക്കോടതികള്‍ പല തരത്തിലുള്ള വിധി പ്രഖ്യാപനം നടത്തുന്നത് ഒഴിവാക്കാന്‍ ഹരജികള്‍ ഒരു കോടതി പരിഗണിക്കുന്നത് സഹായിക്കുമെന്ന് ഫസ്ബുക്ക് ചൂണ്ടിക്കാണിച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് അപേക്ഷകളും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഒന്ന് വീതവും സമര്‍പ്പിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രാമാണീകരിക്കുന്നതിന് ആധാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ഐഡന്റിറ്റി പ്രൂഫ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ ഹര്‍ജികള്‍ എല്ലാം.

വിവിധ ഹൈക്കോടതികളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യവും ഫേസ്ബുക്ക് ഉന്നയിച്ചു. ഈ ഘട്ടത്തില്‍ നടപടികള്‍ സ്‌റ്റേ ചെയ്തില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.