Connect with us

National

യുപിയില്‍ 38 വര്‍ഷമായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായ നികുതി അടക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 38 വര്‍ഷമായി മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടെ ആദായ നികുതി അടക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്. 1981ല്‍ വി പി സിംഗിന്റെ കാലത്ത് നടപ്പിലാക്കിയ ഉത്തര്‍പ്രദേശ് മന്ത്രിമാരുടെ ശമ്പളം, അലവന്‍സുകള്‍, പലവക നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ പകല്‍കൊള്ള. ഇതുവരെ 19 മുഖ്യമന്ത്രിമാരും ആയിരത്തോളം മന്ത്രിമാരും ഈ ആനുകൂല്യം പറ്റിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.

ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മായാവതി, കല്യാണ്‍ സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്‌നാഥ് സിംഗ്, ശ്രീപതി മിശ്ര, വീര്‍ ബഹാദൂര്‍ സിംഗ്, എന്‍ഡി തിവാരി തുടങ്ങിയവരും എല്ലാം ഈ നിയമപ്രകാരം ഖജനാവില്‍ നിന്നാണ് നികുതി അടച്ചത്. ഇവരില്‍ പലരും കോടിക്കണക്കിന് രൂപയുടെ ആസ്ഥിയുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

1981ല്‍ മിക്ക മന്ത്രിമാരും മോശം പശ്ചാത്തലമുള്ളവരും തുച്ഛമായ വരുമാനമുള്ളവരുമായതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ആദായനികുതി ഭാരം വഹിക്കണമെന്ന് നിയമം പാസ്സാക്കിയത്. പിന്നീടിങ്ങോട്ട് അധികാരത്തിലേറിയ ഒരു സര്‍ക്കാറും ഈ നിയമം മാറ്റാന്‍ തയ്യാറായില്ല. സമീപകാലത്ത് മുഖ്യമന്ത്രിയും മന്ത്രിയും ആയവരെല്ലാം വന്‍ തുക ആസ്ഥിയുള്ളവരാണെങ്കിലും ഇവരുടെ ആദായ നികുതിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അടക്കുന്നത്.

111 കോടി രൂപയുടെ ആസ്ഥിയുള്ള വ്യക്തിയായിരുന്നു യുപി മുന്‍ മുഖ്യമന്ത്രി മായാവതി. എസ് പി നേതാവ് അഖിലേഷ് യാദവിന് 37 കോടി രൂപയുടെയും യോഗി ആദിത്യനാഥിന് ഒരു കോടിയോളം രൂപയുടെയും ആസ്ഥിയുണ്ട്.

മന്ത്രിമാര്‍ക്ക് അത്തരം ഇളവുകളൊന്നും അറിയില്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയൂ എന്നും ഒരു സമാജ്‌വാദി പാര്‍ട്ടി നേതാവ് പറഞ്ഞു. ബിഎസ്പി നേതാവും മുന്‍ യുപി ധനമന്ത്രിയുമായ ലാല്‍ജി വര്‍മ തുടങ്ങിയവരും നിയമത്തെക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നത്. തന്റെ നികുതി താന്‍ തന്നെയാണ് അടക്കാറെന്ന് ലാല്‍ജി പറയുന്നു.

ഈ വ്യവസ്ഥ ശരിയാണെന്ന് തോന്നുന്നില്ലെന്നും പുനപരിശോധന ആവശ്യമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പി എല്‍ പുനിയ പറഞ്ഞു. വലിയ തുക നികുതി അടയ്ക്കുന്ന സാധാരണക്കാരെ ഞെട്ടിക്കുന്ന വാര്‍ത്തയാണിതെന്നായിരുന്നു സോഷ്യല്‍ ആക്ടിവിസ്റ്റ് അനില്‍ കുമാറിന്റെ പ്രതികരണം.