മാനഭംഗത്തിനിരയായ പെണ്‍കുട്ടി നഗരത്തിലൂടെ നഗ്നയായി ഓടി; പ്രതികള്‍ പിടിയില്‍

Posted on: September 13, 2019 8:46 pm | Last updated: September 13, 2019 at 9:32 pm

ജയ്പൂര്‍: മാനഭംഗത്തിനിരയായ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം തെരുവിലൂടെ നഗ്നയായി ഓടി. രാജസ്ഥാന്‍ നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയും അവളുടെ ബന്ധുവും ഒരു സുഹൃത്തും ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. ഈ സമയം മദ്യപിച്ച് ലക്കുകെട്ട് അതുവഴി വന്ന മൂന്ന് പേര്‍ ഇവരെ തടയുകയും പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയു‌ം ചെയ്തു.  അക്രമികളെ കണ്ട് പരിഭ്രാന്തനായ അവളുടെ ബന്ധു അടുത്തുള്ള മാര്‍ക്കറ്റില്‍ എത്തി വിവരം അറിയിച്ചു. തുടർന്ന് ഒരു കടയുടമ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. കടയുടമയെ കണ്ടപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഈ സമയം, കടയുടമയെ കണ്ട് അക്രമിയെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി നഗ്നയായി തെരുവിലൂടെ നിലവിളിച്ച് ഓടുകയായിരുന്നു. അര കിലോമീറ്റര്‍ ദൂരം ഓടിയ അവള്‍ ഒടുവില്‍ കടയുടമയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി ഉടുക്കുകയായിരുന്നു.

പ്രതികള്‍ക്ക് എതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നീ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കടയുടമയുടെയും പെണ്‍കുട്ടിയുടെയും അവളുടെ സുഹൃത്തുക്കളുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തി.