Connect with us

Kerala

പേരാമ്പ്രയില്‍ വിദ്യാര്‍ഥിനി മരിച്ചത് ഷിഗെല്ല ബാധിച്ചെന്ന് സംശയം; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

Published

|

Last Updated

കോഴിക്കോട്‌: പേരാമ്പ്രയില്‍ പനി ബാധിച്ച് പതിനാലുകാരി മരിച്ചത് ഷിഗെല്ല ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സനുഷ മരിച്ചത്. കടുത്ത പനിയും വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനാല്‍ സനുഷയെ ഒരാഴ്ച മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകുംവഴി സനുഷ മരണപ്പെടുകയായിരുന്നു. സമാന ലക്ഷണങ്ങളുമായി കുട്ടിയുടെ രണ്ട് ബന്ധുക്കളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ട് റിപോര്‍ട്ട് ഇതുവരെ ലഭ്യമാകാത്തതിനാല്‍ രോഗം സ്ഥിരീകരിക്കാനായിട്ടില്ല. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഷിഗെല്ല ബാക്ടീരിയയ ബാധയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഇതിനു പിന്നാലെ സമാന രോഗ ലക്ഷണങ്ങളോടെ പെണ്‍കുട്ടിയുടെ സഹോദരിയും മുത്തച്ഛനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരുടെയും നില തൃപ്തികരമാണ്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും മെഡിക്കല്‍ കോളജ് അധികൃകരും അറിയിച്ചു.

കുട്ടിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് കേരളത്തിന് പുറത്തുള്ള വിദഗ്ധ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കാന്‍ വൈകുമെന്നാണ് അധികൃതര്‍ പറയുന്നത്. 74 മണിക്കൂര്‍ മുതല്‍ ഏഴ് ദിവസം വരെ കാലതാമസം എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഷിഗെല്ല ബാധയാണോ എന്ന് ഉറപ്പിക്കാനാകുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം പരിശോധനക്കായി കോഴിക്കോട് റീജിയണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കുടിവെള്ളം മലിനമാകുന്നത് ഷിഗെല്ല ബാക്ടീരിയ പകരാന്‍ കാരണമാകും. മനുഷ്യവിസര്‍ജ്യം കലര്‍ന്ന വെള്ളമോ ഭക്ഷണമോ കഴിച്ചാലും രോഗത്തിന് സാധ്യതയുണ്ട്.

Latest