വന്‍ തിരിച്ചടി; ചിദംബരം തിഹാര്‍ ജയിലില്‍ തുടരും

Posted on: September 13, 2019 4:09 pm | Last updated: September 13, 2019 at 11:42 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ( ഇ ഡി) മുന്നില്‍ കീഴടങ്ങാമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം നല്‍കിയ ഹരജി സി ബി ഐ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചതോടെ ചിദംബരത്തിന്റെ ഹരജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്. ഹരജി തള്ളിയതോടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിയുന്ന ഈ മാസം 19 വരെ ചിദംബരം തിഹാര്‍ ജയിലില്‍ തന്നെ കഴിയും.

കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നും ഇ ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത അറിയിച്ചു. ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റ് ചെയ്യാമെന്ന നിലപാടാണ് ഇ ഡിക്കുള്ളത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്നും ചിദംബരം പറഞ്ഞു. വരുന്ന 19ന് ചിദംബരത്തെ സി ബി ഐ കോടതിയില്‍ ഹാജരാക്കുമ്പോഴും ഇ ഡി കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ചിദംബരം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടര്‍ന്നേക്കും.