ഒരുങ്ങാം സിവില്‍ സര്‍വീസിനായി…

2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള ആദ്യകടമ്പയായ പ്രിലിമിനറി പരീക്ഷ മേയ് 31 നാണ്.
Posted on: September 13, 2019 3:10 pm | Last updated: September 20, 2019 at 8:01 pm

വിദ്യാഭ്യാസ മേഖലയില്‍ ഒരു സാധാരണക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്വപ്‌നങ്ങളിലൊന്നാണ് സിവില്‍ സര്‍വീസ്. സിവില്‍ സര്‍വീസ് എത്തിപ്പിടിക്കുക എന്നത് ഏറെ പ്രയാസകരവും ഒരു വേള അപ്രാപ്യവുമാണെന്ന മുന്‍ ധാരണകളാണ് വലിയ ഒരു വിഭാഗത്തെയും സിവില്‍ സര്‍വീസ് ആഗ്രഹങ്ങളില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. സിവില്‍ സര്‍വീസിന് ആഗ്രഹത്തിനപ്പുറം പ്രായവും മറ്റു സാഹചര്യങ്ങളും അറിവുമൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന മലയാളികളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഒരുക്കങ്ങള്‍ നടത്തുന്നവര്‍ മുതല്‍ ബിരുദ പഠനത്തിന് ശേഷം ചിന്തിച്ചുതുടങ്ങുന്നവര്‍ വരെയുണ്ടെന്നതിനാല്‍ സാഹചര്യത്തിനും പ്രായത്തിനുമനുസരിച്ച് വ്യത്യസ്ത രീതികളില്‍ വേണം സിവില്‍ സര്‍വീസ് പരീക്ഷയെ സമീപിക്കാന്‍.

സ്‌കൂള്‍ തലത്തില്‍ നിന്ന് തന്നെ ഒരുക്കങ്ങള്‍ തുടങ്ങുന്നതായിരിക്കും നല്ലത്. വ്യക്തമായ ആസൂത്രണത്തിന് ഇതുവഴി സമയം ലഭിക്കും. ഇതിലൂടെ ഏതു വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയെഴുതാമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനമെടുക്കാനാകും. ഒപ്പം പഠനം സമയബന്ധിതമാക്കാനും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനും അവസരം ലഭിക്കും. കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങുന്നത് അവസാനഘട്ടത്തില്‍ ഏറെ സഹായകമാകും. ബിരുദ പഠനത്തിന് ശേഷം സിവില്‍ സര്‍വീസിനൊരുങ്ങുന്നവര്‍ ഉപരി പഠനവു സിവില്‍ സര്‍വീസും സംേബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തണം. ഇതിനനുസരിച്ചാണ് പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്. അതേസമയം സ്‌കൂള്‍ പഠന കാലത്തേ സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവര്‍ മറ്റൊരു പ്രധാന തീരുമാനം കൂടി എടുക്കേണ്ടതായുണ്ട്–പ്ലസ് ടു, ബിരുദ തലങ്ങളില്‍ ഏതു വിഷയം പഠിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കണം.

ബിരുദമാണ് സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യതയെങ്കിലും താത്പര്യമുള്ള വിഷയം തിരഞ്ഞെടുക്കുന്നതാണ് പഠനത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുക. സ്‌കൂള്‍ തലത്തില്‍ വെച്ച് തന്നെ സിവില്‍ സര്‍വീസിനൊരുങ്ങുമ്പോള്‍ മനഃസംഘര്‍ഷമില്ലാതെ ഏറെ സമയം ലഭിക്കും. പ്രഫഷനല്‍ കോഴ്‌സുകളെ അപേക്ഷിച്ച് പഠനഭാരം കുറഞ്ഞ ബിരുദ പഠനകാലത്ത് സിവില്‍ സര്‍വീസിന് ഒരുങ്ങാനും ഇതുവഴി ചെറുപ്രയാത്തില്‍ തന്നെ ലക്ഷ്യത്തിലേക്കെത്താനും കഴിയും. അടിസ്ഥാന ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിനിടയില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കാന്‍ കൂടുതല്‍ സമയവും ലഭിക്കും. ബിരുദത്തിന് തിരഞ്ഞെടുത്ത വിഷയം തന്നെ സിവില്‍ സര്‍വീസിന് ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കാമെന്നതും ഏറെ സൗകര്യപ്രദമാണ്. എന്നാല്‍ ബിരുദ പഠനം നടത്തുന്ന കോളജിന്റെ സംസ്‌കാരവും അക്കാദമിക് അന്തരീക്ഷവും സഹപാഠികളുമൊക്കെ പഠനത്തെ സ്വാധീനിക്കുമെന്നതിനാല്‍ മികച്ച കോളജുകളില്‍ തന്നെ പ്രവേശനം ലഭിക്കാന്‍ ശ്രമം നടത്തണമെന്നത് വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
തുടക്കത്തിൽ തീരുമാനമെടുത്തില്ലെങ്കില്‍ ഒപ്പം പഠിച്ചവര്‍ സര്‍വീസിലിരിക്കുമ്പോള്‍ നാം പരീക്ഷക്കൊരുങ്ങുന്ന അവസ്ഥ വരും. പ്ലസ്ടുവിന് ഒരേ ക്ലാസില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ നേരത്തെ ഒരുങ്ങുകയും മറ്റൊരാള്‍ പ്രഫഷനല്‍ കോഴ്‌സിന് ചേരുകയും ചെയ്തു. എന്നാല്‍ പ്രഫഷനല്‍ കോഴ്‌സുകാരന്‍ തന്റെ അവസാന വര്‍ഷം സിവില്‍ സര്‍വീസിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ നേരത്തെ തീരുമാനമെടുത്ത സഹപാഠി സര്‍വീസിലെത്തിക്കാണും.
അതേസമയം തീരുമാനത്തിനും തയ്യാറെടുപ്പിനുമാണ് പ്രാധാന്യമെന്നതിനാല്‍ പരീക്ഷ എഴുതന്ന പ്രായത്തിനും സമയത്തിനുമൊന്നും വലിയ പ്രസക്തിയില്ല. എന്നാല്‍ മഹാഭൂരിപക്ഷവും ലക്ഷ്യം കാണാത്ത മേഖലയാണ് സിവില്‍ സര്‍വീസെന്നതിനാല്‍ ഈ ശ്രമം പാളിയാലും ഒരു പ്രഫഷനല്‍ ബിരുദം കൈയിലുണ്ടെന്നതും അത് ഉപയോഗിച്ച് കരിയര്‍ കരുപ്പിടിപ്പിക്കാമെന്നതും ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. സുരക്ഷിതമായ ഓപ്ഷന്‍ ഉറപ്പാക്കി വിജയ സാധ്യത കുറഞ്ഞ ഓപ്ഷന് വേണ്ടി ശ്രമിക്കുന്നതിനെ തെറ്റുപറയാനാകില്ല. സിവില്‍ സര്‍വീസിനായി കൂടുതല്‍ വര്‍ഷങ്ങള്‍ പഠിക്കേണ്ടതിനാല്‍ ഇതിന് പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഒരു ജോലി കണ്ടെത്തി സാമ്പത്തിക സുരക്ഷ കൈവരിച്ച ശേഷം പരീക്ഷക്ക് ഒരുങ്ങാനാകും. ഇതിനാല്‍ പ്രായത്തിനും സമയത്തിനുമപ്പുറം അവരവരുടെ സാഹചര്യങ്ങൾക്ക് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. എന്നാല്‍, ഏതു വഴി വേണമെന്നും ഏതു വര്‍ഷം പരീക്ഷയെഴുതണമെന്നുമുള്ള സുപ്രധാന തീരുമാനമെടുക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകരുത്. അത് പരീക്ഷയുടെ ഫലത്തെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ കലണ്ടര്‍ നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള ആദ്യകടമ്പയായ പ്രിലിമിനറി പരീക്ഷ മേയ് 31 നാണ്. ഫോറസ്റ്റ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറിയും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് ഈമാസം 18 നാണ് മെയിന്‍ പരീക്ഷ ആരംഭിക്കുക. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് അപേക്ഷിക്കാനുള്ള സമയം.
എന്‍ജിനീയറിംഗ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറി ജനുവരി അഞ്ചിനും മെയിന്‍ ജൂണ്‍ 28നുമാണ്. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ ഒന്ന്, രണ്ട് എന്നിവ യഥാക്രമം ഫെബ്രുവരി രണ്ട്, നവംബര്‍ എട്ട് എന്നീ തീയതികളില്‍ നടക്കും.