വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എം പിമാര്‍ക്ക് അനുമതി

Posted on: September 13, 2019 3:10 pm | Last updated: September 14, 2019 at 10:28 am

ശ്രീനഗര്‍: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബുദുല്ലയേയും ഉമര്‍ അബ്ദുല്ലയേയും കാണാന്‍ പാര്‍ട്ടി എം പിമാര്‍ക്ക് അനുമതി. അനന്ത്‌നാഗില്‍ നിന്നുള്ള എം പി ഹസ്‌നൈന്‍ മസൂദി, ബാരാമുല്ലയില്‍ നിന്നുള്ള എം പിയായ അക്ബര്‍ ലോണ്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.

ഇരുവരുടേയും സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ മാത്രമാകണം സന്ദര്‍ശനമെന്നും മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അനുമതി നല്‍കിയത്. എം പിമാര്‍ക്ക് നേതാക്കളെ സന്ദര്‍ശിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി.

ആഗസ്റ്റ് അഞ്ച് മുതല്‍ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും വീട്ടുതടങ്കലിലാണെന്നും ഇവരെയോ ഇവരുടെ ബന്ധുക്കളെയെങ്കിലുമോ കാണാന്‍ അനുവദിക്കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ പാര്‍ട്ടി എം പിമാര്‍ എന്നതിനു പുറമേ ഇവരുടെ അടുത്ത സുഹൃത്തുക്കളാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

ഹരജിക്കാര്‍ക്ക് പാര്‍ട്ടി പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കാണുന്നതിന് ഔദ്യോഗികമായ നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് ഹരജിയോട് പ്രതികരിച്ചുകൊണ്ട് അഡ്വ. ജനറല്‍ ഡി സി റെയ്‌ന അറിയിച്ചു. ഹരജിക്കാര്‍ നേതാക്കളെ കാണുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും അദ്ദേഹം അറിയിച്ചു.