ഫ്‌ളക്‌സ് വീണ് യുവതിയുടെ മരണം; തമിഴ്‌നാട് സര്‍ക്കാറിനെതിരെ പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി

Posted on: September 13, 2019 2:39 pm | Last updated: September 13, 2019 at 4:11 pm

ചെന്നൈ: ചെന്നൈയില്‍ റോഡരികിലുള്ള ഫ്‌ളക്‌സ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. പൊതുസ്ഥലത്ത് ഫ്‌ള്ക്‌സ് സ്ഥാപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടതാണ്. പൊതുസ്ഥലത്തെ ഫ്‌ളക്‌സ് നിരോധനം സംസ്ഥാനത്ത് നിലവിലുണ്ട്. എന്നിട്ടും നടപ്പാക്കുന്നില്ല. ഇത് സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

യുവതി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി പോലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി എം കെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വീണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശുഭശ്രീ മരിച്ചത്. പള്ളവാരം തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ശുഭശ്രീയുടെ മേല്‍ കൂറ്റന്‍ ഫ്‌ളക്‌സ് വീഴുകയായിരുന്നു. ഇതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കിടയിലേക്ക് വീണു. തലക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.